
കൊല്ലം: റെയിൽവേ വിതരണം ചെയ്യുന്ന ആഹാര സാധനങ്ങളുടെ ഗുണനിലവാരവും രുചിയും ശുചിത്വവും ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റയിൽവേ ജനറൽ മാനേജർ ബി.ജി. മല്ല്യ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു.
ശുചിത്വം സംബന്ധിച്ച് നൽകിയ പരാതിക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഭക്ഷണ പായ്ക്കറ്റിൽ അംഗീകൃത വിതരണക്കാരന്റെയും കരാറുകാരന്റെയും പേര്, ആഹാരത്തിന്റെ തൂക്കം, ഇനം, പാക്കിംഗ് തീയതി, വെജിറ്റേറിയൻ / നോൺ വെജിറ്റേറിയൻ വിവരം, വിൽപ്പന വില എന്നിവ രേഖപ്പെടുത്താൻ ലൈസൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളം സ്റ്റോർ റൂമുകളിൽ സംഭരിക്കാനും വിതരണം ചെയ്യാനുള്ളവ കൂളറിൽ സംഭരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പച്ചക്കറികൾ യാത്രാവേളയിൽ സംഭരിച്ച് വായു സഞ്ചാരമുള്ള പ്ലാസ്റ്റിക് കൂടകളിൽ സൂക്ഷിക്കണം. ട്രെയിനിൽ അണുനശീകരണം ഉറപ്പുവരുത്തുമെന്നും ദക്ഷിണ റയിൽവേ ജനറൽ മാനേജർ രേഖാമൂലം അറിയിച്ചു.