photo

പുനലൂർ: ധനലക്ഷ്മി ബാങ്കിന്റെ പുനലൂർ ബ്രാഞ്ചിനോട് ചേർന്ന എ.ടി.എം തകർത്ത് പണം കവരാൻ ശ്രമം. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് എ.ടി.എ തുറന്നുകിടക്കുന്നത് കണ്ടത്.

ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന ബ്രാഞ്ചിലെ എ.ടി.എമ്മാണ് തകർത്തത്. തുടർന്ന് പുനലൂർ പൊലീസിൽ വിവരം അറിയിച്ചു. ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു യുവാവാണ് എ.ടി.എം തകർക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും തെളിവെടുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ.ടി.എമ്മിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് മാനേജർ കൃഷ്ണകുമാർ പറഞ്ഞു.