കൊട്ടാരക്കര: ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വനിതാ ശിശുവികസന പദ്ധതിയുടെ ഓഫീസ് സമീപത്തുതന്നെയുള്ള ബ്ളോക്ക് പഞ്ചായത്തിന്റെ സ്വരാജ് പുരസ്കാരം ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയതിനെ തുടർന്നാണ് ഓഫീസ് മാറ്റം. ഒരു സി.ഡി.പി.ഒയും ആറ് കൗൺസിലർമാരും ഏഴ് സൂപ്പർവൈസർമാരും ഉൾപ്പടെ 21 ജീവനക്കാരാണ് ഇവിടെയുള്ളത്. കൗൺസിലിംഗ്, ന്യൂട്രീഷൻ ക്ളിനിക്കുകൾ എന്നിവയ്ക്ക് സൗകര്യം ഉണ്ടായിരുന്നില്ല. ഈ ആവശ്യങ്ങളെ മുൻനിറുത്തിയാണ് ഏഴ് ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഓഫീസ് സംവിധാനങ്ങളിലേക്ക് മാറ്റിയത്. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് പുതിയ ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ എം.ലേഖ, സജിനി ഭദ്രൻ, മിനി അനിൽ, ബീന നാരായണൻ, പ്രഭ, അജയ് രാജ് എന്നിവർ സംസാരിച്ചു.