കരുനാഗപ്പള്ളി: ഓച്ചിറ പരബഹ്മ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ ഭക്തർ നിക്ഷേപിക്കുന്ന പണം കോടതി വിധിക്ക് വിരുദ്ധമായി സ്ഥാനികളുടെ കുടുംബങ്ങൾക്ക് നൽകാനുള്ള അഡ്മിനിസ്ട്രേറ്ററുടെ ഗൂഢ നീക്കത്തിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കമ്മിറ്റി പ്രതിഷേധിച്ചു. മുന്നാക്ക വികസന കോർപ്പറേഷൻ മുൻ ചെയർമാൻ കൂടിയായ അഡ്മിനിസ്ട്രേറ്റർ ക്ഷേതത്തിന്റെ ബൈലയ്ക്ക് എതിരായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഓച്ചിറ ഭരണ സമിതിയിലേക്ക് 52 കരകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിലും തുടർന്ന് പൊതു ഭരണ സമിതി, പ്രവർത്തക സമിതി, എക്സിക്യൂട്ടീവ് എന്നിവിടങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും സാമുദായിക സംവരണം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററുടെ നിയമ വിരുദ്ധ നടപടികൾക്കെതിരേയും ക്ഷേത്ര സംരക്ഷണത്തിനും ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ യൂണിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന് യൂണിയന്റെ പൂർണ്ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ എന്നിവർ സംസാരിച്ചു.