covid

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായം അവശേഷിക്കുന്നവരിലേക്കും എത്തിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടിറങ്ങുന്നു. ഇനിയും അപേക്ഷിക്കാത്ത കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെത്തേടി ആശാ പ്രവർത്തകരും ഹെൽത്ത് ഇൻസ്പെക്ടർമാരും വീടുകളിലെത്തും.

ജില്ലയിൽ 5360 കൊവിഡ് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 4589 പേർക്ക് ധനസഹായം ലഭ്യമാക്കി. ശേഷിക്കുന്നവരിൽ 522 പേർ ഇതുവരെ അപേക്ഷിച്ചിട്ടില്ല. ഇവരെ കണ്ടെത്താനാണ് ഉദ്യോഗസ്ഥർ രംഗത്തിറങ്ങുന്നത്. കൊവിഡ് ധനസസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം സംഭവിച്ചതിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു.

ഇതിനാലാണ് റവന്യൂ വകുപ്പ് ധനസഹായ വിതരണത്തിന്റെ നടപടികൾ നിരന്തരം നിരീക്ഷിക്കുന്നത്. കഴfഞ്ഞ ദിവസം ലാൻഡ് റവന്യൂ കമ്മിഷണർ നേരിട്ട് വിളിച്ച് ജില്ലയിലെ സ്ഥിതി വിലയിരുത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ അപേക്ഷ നൽകാത്തവരെ കണ്ടെത്താൻ ഇറങ്ങാൻ തീരുമാനിച്ചത്.

ഓരോ മേഖലയിലും ഇനിയും അപേക്ഷിക്കാത്തവരുടെ വിവരങ്ങൾ ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ പ്രവർത്തകർക്കും കൈമാറും. ഈ പട്ടികയിൽ നിന്ന് കണ്ടെത്തുന്നവരുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിന് കൈമാറും. കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ കാരണവും വ്യക്തമാക്കണം.

137 അപ്പീലുകൾ ബാക്കി

1. ജില്ലയിൽ കൊവിഡ് മരണവുമായി ബന്ധപ്പെട്ട 137 അപ്പീലുകൾ തീർപ്പാകാനുണ്ട്

2. ആശുപത്രി റിപ്പോർട്ടിൽ കൊവിഡ് മരണമായി സ്ഥിരീകരിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ അപേക്ഷകളാണിത്

3. എ.ഡി.എം ചെയർമാനും ഡി.എം.ഒ കൺവീനറുമായി ആറോളം ഡോക്ടർമാരടങ്ങിയ സമിതിയാണ് അപ്പീലുകൾ പരിഗണിക്കുന്നത്

4. മരണസമയത്ത് കൊവിഡ് ബാധിതരായിരുന്നവരുടേത് മാത്രമാണ് കൊവിഡ് മരണമായി കണക്കാക്കിയിരുന്നത്

5. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് കൊവിഡ് ബാധിച്ച് 30 ദിവസത്തിന് ശേഷമുള്ള മരണവും കൊവിഡ് മരണമായി കണക്കാക്കും

6. ഇങ്ങനെ ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള 5392 കൊവിഡ് മരണങ്ങളിൽ 2500ഉം അപ്പീലിലൂടെ അനുവദിച്ചവയാണ്

സഹായം 50000 രൂപ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 50000 രൂപ വീതമാണ് സഹായം നൽകുന്നത്. കൊവിഡ് ബാധിച്ച് വരുമാനദായകനോ വരുമാനദായികയോ മരിച്ച ബി.പി.എൽ കുടുംബങ്ങൾക്ക് 36 മാസം അയ്യായിരം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. ഇതിനുള്ള അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നുണ്ട്.

ജില്ലയിൽ ഔദ്യോഗിക കൊവിഡ് മരണം: 5360

സഹായത്തിന് അപേക്ഷിച്ചത്: 4838

വില്ലേജ് ഓഫീസിൽ തീർപ്പാകാനുള്ളത്: 195

കളക്ടറേറ്റിൽ തീർപ്പാകാനുള്ളത്: 31

സഹായം വിതരണം ചെയ്തത്: 4589

""

പുതുതായി കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടുന്നവരുടെ വിവരങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതലയുള്ള ഉദ്യോഗസ്ഥർ കൈമാറും.

അഫ്‌സാന പർവീൺ

ജില്ലാ കളക്ടർ