ചവറ : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതോടെ പ്രതിസന്ധികളിൽ നിന്ന് കരകയറി തുടങ്ങിയതാണ് സ്വകാര്യബസുകൾ. എന്നാൽ കൊവിഡിന്റ നിലയ്ക്കാത്ത വകഭേദങ്ങളുടെ വ്യാപനം രൂക്ഷമായതോടെ വീണ്ടും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് സ്വകാര്യബസ് മേഖല. ചവറ- കൊല്ലം റൂട്ടിലും ചവറ- പത്തനംതിട്ട റൂട്ടിലും നൂറോളം ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ബസുകളുടെ എണ്ണം പകുതിയായി.യാത്രക്കാരും ഇല്ല. ഇതിനിടയിൽ ടാക്സ് മുടക്കം വരുത്തിയ ബസുകൾക്കെതിരെ നടപടി തുടങ്ങിയതോടെ സർവീസുകളുടെ എണ്ണം വീണ്ടും കുറഞ്ഞു . കർശനമായി പിഴ ചുമത്തൽ പ്രഖ്യാപിച്ച അധികാരികളിൽ നിന്ന് രക്ഷപ്പെടാൻ ബസുകൾ ഷെഡിൽ കയറ്റിയിടാൻ നിർബന്ധിതരാകുന്നു.
പൊള്ളുന്ന ഇന്ധനവില
യാത്രക്കാർ കുറഞ്ഞതിനൊപ്പം ഉയർന്ന ഇന്ധനവിലകൂടിയായപ്പോൾ സർവീസ് തുടരാൻ ബുദ്ധിമുട്ടിലായി. ചവറ -കൊല്ലം ചവറ -പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾക്ക് മിനിമം ഒരു ദിവസം ഏകദേശം 4500 മുതൽ 5000 രൂപ വരെ ഇന്ധനത്തിന് വേണം.ഡീസൽ ചെലവും തൊഴിലാളികളുടെ ശമ്പളവും കഴിഞ്ഞാൽ മിച്ചമൊന്നുമില്ല. നാല് തൊഴിലാളികൾ ജോലി ചെയ്തിരുന്ന ഒരു ബസിൽ ഇപ്പോൾ രണ്ടു പേരിലേക്ക് ചുരുങ്ങി. രാവിലെ 6 മുതൽ വൈകിട്ട് 8 വരെ ജോലി ചെയ്യുന്ന ഒരു ബസ് ജീവനക്കാരന് 400 പോലും തികച്ച് കിട്ടാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. അറ്റകുറ്റപ്പണികൾ, ഇൻഷ്വറൻസ് തുടങ്ങി ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ മുടക്കി ആണ് പല ബസുകളും സർവീസ് പുനരാരംഭിച്ചത്. ദിവസം മുഴുവൻ ഓടിയിട്ടും ഡീസൽ ചെലവിന് പോലും തികയാതെ വരുമ്പോഴാണ് ബസുകൾ നിരത്തിലിറക്കാൻ മടിക്കുന്നതെന്ന് ബസുടമകൾ പറയുന്നു.
കഴിഞ്ഞ 30 വർഷമായി സ്വകാര്യ ബസ് ഡ്രൈവറാണ്. ഈ പ്രതിസന്ധിയിൽ പകലന്തിയോളം പണിയെടുത്തിട്ട് 180 രൂപ വരെ ശമ്പളമായി കിട്ടിയ ദിവസങ്ങളുണ്ട് . ലക്ഷങ്ങൾ മുടക്കി സർവീസുകൾ പുനരാരംഭിച്ച മുതലാളിമാർക്ക് നൂറു രൂപ പോലും കിട്ടാത്ത ദിവസങ്ങളുണ്ട്. മിക്ക ബസുടമകളും സർവീസ് നിറുത്തി വെക്കാത്തത് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ്. രമേശൻ, (സ്വകാര്യ ബസ് ഡ്രൈവർ)