സ്ഥലം വീണ്ടും സന്ദർശിച്ച് ഹൈക്കോടതി ജഡ്ജി
തഴവ: കോടതി സമുച്ചയത്തിനായി വർഷങ്ങൾക്ക് മുമ്പ് തഴവ പഞ്ചായത്ത് സൗജന്യമായി വിട്ടുകൊടുത്ത ചിറ്റുമൂല മൈതാനം ഹൈക്കോടതി സ്പെഷ്യൽ ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുസ്താക്കി സന്ദർശിച്ചു. ഇവിടെ സമുച്ചയം നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനാണ് സി.ആർ മഹേഷ് എം.എൽ.എയ്ക്കൊപ്പം അദ്ദേഹം എത്തിയത്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് പ്രതിസന്ധിയിലായ പദ്ധതി നടപ്പാക്കാൻ ഇതു നാലാം തവണയാണ് ഒരു ന്യായാധിപൻ സ്ഥലം സന്ദർശിക്കുന്നത്.
അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന, കരുനാഗപ്പള്ളിയിലെ കോടതികൾക്കായി കെട്ടിടം നിർമ്മിക്കുന്നതിന് 2017ലാണ് സ്ഥലം വിട്ടു നൽകാൻ തഴവ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്. ഇതിനായി പുതിയകാവിന് കിഴക്കുവശം ചിറ്റുമൂലയിൽ പ്രധാന പാതയോട് ചേർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 95 സെന്റ് വിട്ടു നൽകുകയും ചെയ്തു. തുടർന്ന് സബ് ജഡ്ജി സ്ഥലം സന്ദർശിക്കുകയും കോടതി സമുച്ചയത്തിന് അനുയോജ്യമാണെന്ന റിപ്പോർട്ട് നൽകുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി തഹസീൽദാർ സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച് ഗസറ്റഡ് നോട്ടിഫിക്കേഷൻ നൽകി നിയമ നടപടികൾ പൂർത്തിയാക്കിയെങ്കിലും 50 സെന്റിന് മുകളിലുള്ള സ്ഥലം ഏറ്റെടുക്കാൻ കളക്ടർക്ക് അധികാരമില്ലെന്ന സാങ്കേതികവാദത്തിലുടക്കി പദ്ധതി അനിശ്ചിതത്വത്തിലായി.
2018ൽ വീണ്ടും രണ്ടുതവണ രണ്ട് ഹൈക്കോടതി ജസ്റ്റിസുമാർ സ്ഥലം സന്ദർശിച്ച് അനുയോജ്യമെന്ന് റിപ്പോർട്ട് നൽകിയെങ്കിലും തുടർന്ന് വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ റോഡിന് വീതിയില്ലെന്ന അഭിപ്രായം ഉയർന്നതോടെ വീണ്ടും അനിശ്ചിതത്വങ്ങളായി.
സംസ്ഥാനപാതകളുടെ വിഭാഗത്തിൽപ്പെട്ട പുതിയകാവ് - ചക്കുവള്ളി റോഡിന് 10 മീറ്ററിലധികം വീതിയുണ്ട്. പിന്നീട് റവന്യു വകുപ്പ് നേരിട്ട് തഴവയിലെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചെങ്കിലും കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്‌ഷന് കിഴക്കുവശമുള്ള ഐ.എച്ച്.ആർ.ഡി വക സ്ഥലം എടുക്കണമെന്ന ആവശ്യം ഉയർന്നതോടെ ആ നീക്കവും പ്രതിസന്ധിയിലായി.
സൗജന്യമായി നൽകിയിട്ടും
കോടതി സമുച്ചയത്തിന് അയോഗ്യത കൽപ്പിച്ച സ്ഥലത്തിന് 20 വർഷം മുമ്പ് ഐ.എച്ച്.ആർ.ഡി 1.70 കോടിയാണ് ആവശ്യപ്പെട്ടത്. ദേശീയപാതയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെ പ്രധാന പാതയോട് ചേർന്നുള്ള 95 സെന്റ് സൗജന്യമായി നൽകിയിട്ടും ഇത്തവണയെങ്കിലും തഴവയ്ക്ക് ആവശ്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.