കൊട്ടാരക്കര: കൊട്ടാരക്കരയിൽ കുന്നിടിക്കലും നിലം നികത്തലും വ്യാപകം. ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. ഇടത് മുന്നണിയ്ക്കുള്ളിലും ഭിന്നത. വിഷയം ഗൗരവത്തിലെടുത്ത് മന്ത്രിതല ഇടപെടൽ. ആഴ്ചകളായി കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ കുന്നിടിയ്ക്കലും നിലം നികത്തലും നടക്കുന്നു. ജിയോളജി പാസിന്റെ മറവിലാണ് വൻതോതിൽ മണ്ണെടുക്കുന്നത്. താലൂക്കിൽ 36 ഇടത്താണ് മണ്ണെടുക്കാൻ ജിയോളജി വകുപ്പ് പാസ് നൽകിയത്. നഗരസഭ വിതരണം ചെയ്യുന്ന ഡെവലപ്മെന്റ് പാസിന്റെ അടിസ്ഥാനത്തിലാണ് ജിയോളജി അനുമതി നൽകുന്നത്. അനുമതി ലഭിക്കാത്തവർ കോടതി മുഖേന അനുമതിയും സംരക്ഷണവും നേടിയാണ് കുന്നുകൾ ഇടിച്ച് നിലം നികത്തുന്നത്. കൊട്ടാരക്കര കുലശേഖരനല്ലൂർ ഏലായിലെ നിലംനികത്തലാണ് കൂടുതൽ വിവാദമായത്. താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് വാങ്ങാൻ ലക്ഷ്യമിട്ട ഭൂമി നികത്തിയതാണ് ആദ്യ സംഭവം. തുടർന്ന് ബി.ജെ.പി പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള കുലശേഖരനല്ലൂർ ഏലായിൽ കുറച്ച് ഭാഗം നികത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായെത്തി കൊടി നാട്ടിയെങ്കിലും പിന്നീട് കൂടുതൽ വിവാദങ്ങളുണ്ടായി. വെള്ളിയാഴ്ച സി.പി.ഐ മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റും നഗരസഭ ചെയർമാനുമായ എ.ഷാജുവിനെതിരെ നിലം നികത്തലുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുന്നണി ബന്ധം വഷളാകുന്ന തരത്തിലുള്ള പ്രസ്താവനകൾക്കെതിരെ ഇന്നലെ കേരളകോൺഗ്രസ്(ബി) പത്രസമ്മേളനം നടത്തി. സി.പി.ഐയ്ക്കെതിരെ ആഞ്ഞടിക്കുകയും കൊട്ടാരക്കരയിൽ മുന്നണി ബന്ധം തുടർന്നുപോകാൻ താത്പര്യമില്ലെന്നും ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞു.

ഡേറ്റാ ബാങ്കിലെ ക്രമക്കേടുകൾ തിരുത്തും

കൊട്ടാരക്കരയിലെ നെൽവയലുകൾ വ്യാപകമായി നികത്താൻ തുടങ്ങിയത് പരിശോധിച്ചപ്പോഴാണ് ഡേറ്റാ ബാങ്കിൽ കൃത്രിമം നടന്നത് കണ്ടെത്തിയത്. കുലശേഖരനല്ലൂർ ഏലായിൽ നികത്തിയ ഭാഗം ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്നില്ല. ഡേറ്റാ ബാങ്കിൽ നിന്ന് ക്രമക്കേട് കാട്ടി ഒഴിവാക്കപ്പെട്ട നീർത്തടങ്ങൾ കണ്ടെത്താൻ ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. പുനലൂർ ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഒഴിവാക്കപ്പെട്ട നിലങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പരാതി നൽകാനും അവസരമുണ്ടെന്ന് തഹസീൽദാർ ശുഭൻ അറിയിച്ചു. കൊട്ടാരക്കരയിലെ നിലംനികത്തൽ വിഷയവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും മന്ത്രിമാരും ഇടപെട്ടതായി സി.പി.ഐ നേതാക്കൾ പറഞ്ഞു.

ഇട്ട മണ്ണ് തിരിച്ചെടുക്കും

കുലശേഖരനല്ലൂർ ഏലാ നികത്താനിട്ട മണ്ണ് തിരിച്ചെടുക്കാൻ നോട്ടീസ് നൽകി. ആർ.ഡി.ഒയുടെ സന്ദർശനത്തിന് ശേഷമാണ് നോട്ടീസ് നൽകിയത്.