കൊട്ടാരക്കര: സി.പി.ഐയ്ക്കൊപ്പം കൊട്ടാരക്കരയിൽ ഇടത് മുന്നണിയിൽ തുടരാനാവില്ലെന്ന് കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുന്നണി മര്യാദകൾ പാലിക്കാതെയാണ് സി.പി.ഐ കേരളകോൺഗ്രസിനെതിരെ പ്രസ്താവനകളിറക്കുന്നത്. മുന്നണിയുടെ കൊട്ടാരക്കരയിലെ കൺവീനർ കൂടിയായ ഡി.രാമകൃഷ്ണപിള്ളയും സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജിയും ചേർന്നാണ് വാർത്താസമ്മേളനം നടത്തി കേരളകോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. തെറ്റായ ആരോപണങ്ങൾ തീർത്തും മുന്നണി മര്യാദകളുടെ ലംഘനവുമാണ്. നഗരസഭയിൽ സി.പി.ഐയും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും കുലശേഖരനല്ലൂർ ഏല നികത്താനൊരുങ്ങിയത് ബി.ജെ.പിയും സി.പി.ഐയും ചേർന്നാണ്. നഗരസഭയുടെ വികസന പ്രവർത്തനങ്ങളിലും സി.പി.ഐയുടെ ദോഷകരമായ നിലപാടുകളുണ്ട്. മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ ഇത്തരത്തിൽ നിലപാടെടുക്കുമ്പോൾ കൊട്ടാരക്കരയിൽ മുന്നണി ബന്ധം ഉപേക്ഷിക്കേണ്ടിവരുമെന്ന് എ.ഷാജുവും കേരളകോൺഗ്രസ്(ബി) മണ്ഡലം നേതാക്കളും അറിയിച്ചു.