photo
മന്ത്രി കെ.എൻ.ബാലഗോപാലും സംഘവും മൈലം ഗ്രാമപഞ്ചായത്തിലെ കളിസ്ഥലം സന്ദർശിക്കുന്നു

കൊട്ടാരക്കര: കായിക പ്രതിഭകളെ വാർത്തെടുക്കാനും ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനുമായി ഓരോ പഞ്ചായത്തുകളിലും കളിസ്ഥലങ്ങളൊരുക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലെ കളിസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മൈലം, ഉമ്മന്നൂർ, വെളിയം, കരീപ്ര പഞ്ചായത്തുകളിലായുള്ള കളിസ്ഥലങ്ങളാണ് ഇന്നലെ മന്ത്രി സന്ദർശിച്ചത്. വിവിധ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നതിന് കളിസ്ഥലത്തിന്റെ സൗകര്യം കണക്കിലെടുത്തുകൊണ്ടും പ്രദേശത്തിന്റെ സാദ്ധ്യത ഉൾക്കൊണ്ടുകൊണ്ടും കളിസ്ഥലങ്ങൾ നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രയോജനപ്പെടുന്ന സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. കായിക വിഭാഗം എൻജിനീയറിംഗ് വിദഗ്ധർ പദ്ധതി തയ്യാറാക്കും. കായിക വിഭാഗം ചീഫ് എൻജിനീയർ കൃഷ്ണൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവർ മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.