 
കുന്നിക്കോട് : കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പ്ലൈൻ നന്നാക്കി. കുന്നിക്കോട് ആശുപത്രി ജംഗ്ഷനിലുള്ള വലിയതോടിന്റെ കുറുകേ പാലത്തിനോട് ചേർന്ന് സ്ഥാപിച്ച പൈപ്പ്ലൈനാണ് കുറച്ച് ദിവസം മുൻപ് പൊട്ടിയത്. ഹൈപ്രഷർ പമ്പിംഗ് നടത്തുന്ന പൈപ്പ്ലൈനായതിനാൽ വൻ തോതിലാണ് കുടിവെള്ളം പാഴായി തോട്ടിലൂടെ ഒഴുകിയത്. കാലപ്പഴക്കം കാരണം പമ്പിംഗ് നടത്തിയപ്പോൾ പൈപ്പിന് കേടുപാടുകൾ സംഭവിച്ചു. അധികൃതരുടെ പ്രാധമിക പരിശോധനയിൽ വെൽഡിംഗ് ചെയ്ത് ശരിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ വിശദമായ പരിശോധനയിൽ പൈപ്പ്ലൈനിന്റെ വിവിധയിടങ്ങളിൽ കേടു കണ്ടെത്തി. തുടർന്ന് പുതിയ പൈപ്പ് സ്ഥാപിക്കുകയായിരുന്നു. രണ്ട് ദിവസമായി പമ്പിംഗ് പൂർണ്ണമായും നിറുത്തിവെച്ചാണ് പൈപ്പ്ലൈനിന്റെ പണികൾ നടത്തിയത്. ഞായറാഴ്ച എല്ലാ പണികളും പൂർത്തിയാക്കി പമ്പിംഗ് പുനസ്ഥാപിച്ചു. വേനൽ കടുക്കുന്നതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്ന വാർത്ത 'കേരളകൗമുദി' നൽകിയിരുന്നു. വാർത്തയെ തുടർന്നാണ് പണികൾ വേഗത്തിലാക്കിയത്.