cpi

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആർ. രാമചന്ദ്രന്റെ പരാജയത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ജില്ല കൗൺസിൽ അംഗവുമായ ആർ. സോമൻപിള്ളയെയും മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അനിൽ.എസ് കല്ലേലിഭാഗത്തെയും മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ ജില്ല കൗൺസിൽ യോഗം തീരുമാനിച്ചു.

സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും പാർട്ടി മണ്ഡലം സെക്രട്ടറി ജയകൃഷ്ണപിള്ളയ്ക്കും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും. പാർട്ടിസമ്മേളന നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി വിഭജിക്കാനും തീരുമാനിച്ചു.

ഇന്നലെ രാവിലെ ജില്ലയിൽ നിന്നുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗം ചേർന്ന് ആർ. സോമൻപിള്ളയെയും അനിൽ.എസ് കല്ലേലിഭാഗത്തെയും തരംതാഴ്ത്താൻ മാത്രമാണ് തീരുമാനിച്ചത്. പിന്നീട് ചേർന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ രണ്ട് പേരിൽ മാത്രം നടപടി എടുക്കുന്നതിൽ വിമർശനം ഉയർന്നു. സ്ഥാനാർത്ഥിക്കും മണ്ഡലം സെക്രട്ടറിക്കും വീഴ്ച ഉണ്ടായെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. അവർക്കെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ഉയർന്നു. അനിൽ.എസ് കല്ലേലിഭാഗത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടായതായി അന്വേഷണ കമ്മിഷൻ കണ്ടെത്തിയിട്ടില്ല. പിന്നെയെന്തിനാണ് ഉയർന്നുവരുന്ന കേ‌‌ഡറിന്റെ പേരിൽ നടപടിയെടുക്കുന്നതെന്ന വിമർശനവും ഉയർന്നു. വളരെ പ്രധാനപ്പെട്ട യോഗമായിട്ടും വലിയൊരുവിഭാഗം ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങൾ ഇന്നലത്തെ പങ്കെടുത്തിരുന്നില്ല.

പങ്കെടുത്തവരിൽ വലിയൊരുവിഭാഗം സ്ഥാനാർത്ഥിക്കെതിരെയും നടപടി ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ ജില്ലാ എക്സിക്യുട്ടീവ് നിറുത്തിവച്ചു. പിന്നീട് 12 ഓടെ ജില്ലയിൽ നിന്നുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ യോഗം വീണ്ടും ചേർന്നു. ഈ യോഗത്തിലാണ് ആർ. രാമചന്ദ്രനും മണ്ഡലം സെക്രട്ടറിക്കും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്.

വിഭജനം പിരിച്ചുവിടലിന് തുല്യം

കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രണ്ടായി വിഭജിക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. ഇക്കാര്യം അടുത്തിടെ മണ്ഡലം കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ കമ്മിറ്റി സമ്മളനത്തിന് മുമ്പേ വിഭജിക്കാനുള്ള തീരുമാനം ഫലത്തിൽ പിരിച്ചുവിട്ടതിന് തുല്യമാണ്. കരുനാഗപ്പള്ളിക്ക് പുറമേ ഓച്ചിറ കേന്ദ്രമായി പുതിയ കമ്മിറ്റി വരാനാണ് സാദ്ധ്യത.

ഇറങ്ങിപ്പോകാനൊരുങ്ങി ആർ. രാമചന്ദ്രൻ

തനിക്കും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം അറിഞ്ഞ് ആർ. രാമചന്ദ്രൻ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ഒരുങ്ങി. ഭീമമായ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആ മണ്ഡലം കമ്മിറ്റിയുടെ ചുമതലക്കാരനെ എങ്ങനെ മാറ്റിനിറുത്തുമെന്ന് വീണ്ടും വിമർശനം ഉയർന്നതോടെ ഇറങ്ങിപ്പോകാനുള്ള നീക്കത്തിൽ നിന്ന് ആർ. രാമചന്ദ്രൻ പിൻവാങ്ങി. കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ കൗൺസിൽ യോഗത്തിൽ ഒരുവിഭാഗം ആവശ്യപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വം സി.പി.എം ഏറ്റെടുത്ത പശ്ചാത്തലത്തിൽ നമ്മുടെ വീഴ്ചകൾ പുറത്തറിയിച്ച് കൂടുതൽ നാണക്കേട് ക്ഷണിച്ചവരുത്തണോയെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ചോദിച്ചു.