photo

 ശാഖ ഓഫീസിൽ മുമ്പ് രണ്ടുതവണ മോഷണം നടന്നു

കുണ്ടറ: കുണ്ടറയിൽ വെള്ളിയാഴ്ച രാത്രി​ മൂന്നി​ടത്ത് മോഷണ ശ്രമം. എസ്.എൻ.ഡി​.പി​ യോഗം പള്ളിമുക്ക് 528​-ാം നമ്പർ ശാഖാമന്ദിരത്തിലെ ഓഫീസ്, സമീപത്തെ പ്രി​ന്റിംഗ് പ്രസ്, ആൾതാമസമില്ലാത്ത വീട് എന്നി​വി​ടങ്ങളി​ലാണ് മോഷണശ്രമം നടന്നത്.

ആറുമാസത്തിനിടെ മൂന്നാം തവണയാണ് ശാഖാമന്ദി​രത്തി​ൽ മോഷ്ടാക്കൾ കയറുന്നത്. കഴിഞ്ഞ രണ്ടുതവണയും ഗുരുദേവ പ്രതിഷ്ഠയ്ക്കുമുന്നിലുള്ള വഞ്ചി തകർത്ത് പണം മോഷ്ടിച്ചിരുന്നു. ഇത്തവണ ഓഫീസിന്റെ വാതിൽ പൊളിച്ച് കയറിയ മോഷ്ടാവ് അലമാരയും മ​റ്റും തകർത്തു. ഓഫീസിൽ പണവും വിലപിടിപ്പുള്ള വസ്തുക്കളുമൊന്നുമില്ലായിരുന്നു. സമീപത്തെ കൈരളി പ്രി​ന്റിംഗ് പ്രസി​ലും ജിനോർ ലാലിന്റെ ഉടമസ്ഥതയി​ലുള്ളതും താമസമി​ല്ലാത്തതുമായ കെ.ഒ ഹൗസിലും മോഷണശ്രമം നടന്നെങ്കി​ലും ഒന്നും നഷ്ടപ്പെട്ടി​ല്ല. പ്രസിന്റെ വാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. കെ.ഒ ഹൗസിന്റെ പിൻവാതിൽ തകർത്താണ് കയറി​യത്. മുൻവാതിലും വെട്ടിപ്പൊളിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്.

ഇന്നലെ രാവി​ലെ ഏഴോടെ വിളക്കുകൊളുത്താനെത്തിയ ഭരവാഹിയാണ് ശാഖ ഓഫീസിന്റെ കതക് വെട്ടിപ്പൊളിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നിടത്തുമായി ഏകദേശം 75,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പി.സി.വിഷ്ണുനാഥ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് മൺറോതുരുത്ത് ഭാസി, കൗൺസിലർ പ്രിൻസ് സത്യൻ, ശാഖ പ്രസിഡന്റ് സിദ്ധാർത്ഥൻ, സെക്രട്ടറി മോഹനൻ എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.