ഇടപെടൽ കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊല്ലം: മൺറോത്തുരുത്തിന്റെ ശാപമായിരുന്ന കുണ്ടറ പള്ളിമുക്ക്- മൺറോത്തുരുത്ത് റോഡിന് മോക്ഷമാകുന്നു. നാലുവർഷമായി പൊട്ടിപ്പൊളിഞ്ഞ് മഴക്കാലത്ത് വെള്ളക്കെട്ടും വേനലിൽ പൊടിയിലമർന്നും യാത്രക്കാരെ വലച്ചിരുന്ന റോഡിന്റെ അവസ്ഥ 'കേരളകൗമുദി' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പ് അടിയന്തര ഇടപെടൽ നടത്തിയത്.
നാളെ ജോലി ആരംഭിക്കാനാണ് തീരുമാനം. ഏറ്റവും കൂടുതൽ പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന കൊച്ചുപ്ളാമ്മൂട് മുതൽ കമ്പുക്കത്ത് പള്ളി ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററിൽ ആദ്യ ഘട്ട ബി.എം ജോലികൾക്കാണ് നാളെ തുടക്കമാവുന്നത്. ടാറിംഗിന്റെ ഭാഗമായി എമേർഷൻ അടിക്കുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. മാർച്ച് അവസാനത്തിന് മുൻപ് നവീകരണ ജോലികൾ പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറഞ്ഞു. ഉപരിതലം ഉയർത്തി ടാർ ചെയ്യാതെ കിടക്കുന്ന റോഡിൽ നിന്നുയരുന്ന പൊടി സഹിച്ച് മടുത്ത അവസ്ഥയിലാണ് നാട്ടുകാർ.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യം രൂക്ഷമാകും. യാത്രക്കാരുടെയും സമീപ വാസികളുടെയും
വ്യാപാരികളുടെയും അവസ്ഥ വിവരണാതീതമായിരുന്നു. 14 കിലോമീറ്റർ വരുന്ന റോഡിന്റെ ചിറ്റുമലമുതൽ കൊച്ചുപ്ളാമൂട് വരെ ബി.എം ജോലികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടാമത്തെ ലെയർ ടാറിംഗ് നടത്തേണ്ടതുണ്ട്.
ഒരിക്കലും തീരാതെ ഒരുഭാഗം
നാളെ ആരംഭിക്കുന്ന ജോലികൾ പൂർത്തിയായായാലും ടെലിഫോൺ എക്സേഞ്ച് മുതൽ കാനറാബാങ്ക് വരെയുള്ള റോഡ് യാത്രക്കാർക്ക് ദുരിതമായി തുടരും. 2018ൽ ആരംഭിച്ച റോഡ് നിർമ്മാണം അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടെ കരാറുകാരനെ ഒഴിവാക്കി ജോലികൾ റീടെണ്ടർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പ്രസ്താവന നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. റോഡ് നിർമ്മാണം പൂർത്തിയായതുമില്ല. മൂന്നു മാസംകൊണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ തൂമ്പുംമുഖം മുതൽ ഇടിയേക്കടവ് വരെ അരയടി ഉപരിതലം ഉയർത്തിയതു മാത്രമാണ് ആകെ നടന്നത്.
.............................
മാർച്ചിന് മുൻപ് നിർമ്മാണം പൂർത്തിയാകും. കിഫ്ബിയിൽ നിന്നു ഫണ്ട് ലഭിക്കാത്തതിനാലാണ് പണി വൈകുന്നത്. 2018ൽ പൂർത്തിയാക്കിയ അയത്തിൽ - പള്ളിമുക്ക് റോഡിന്റെ രണ്ട് കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. മൺറോതുരുത്ത് റോഡിന്റെ തീർത്ത ജോലികളുടെ മൂന്ന് കോടി രൂപ കഴിഞ്ഞ ആഴ്ചയാണ് ലഭിച്ചത്. 50 ശതമാനം ജോലികൾ ഇതുവരെ പൂർത്തിയായി. നിർമ്മാണത്തിനാവശ്യമായ മെറ്റിൽ കൊല്ലം ജില്ലയിൽ ലഭ്യമല്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് കൊണ്ടുവരുന്നത്. മെറ്റിലിന് ക്ഷാമമുള്ളതിനൊപ്പം ഉയർന്ന വിലയും നൽകേണ്ടിവരുന്നു
കരാറുകാരൻ