mukesh

 കത്തി വീശലിൽ എസ്.ഐയ്ക്കും പൊലീസുകാർക്കും പരിക്ക്

കൊല്ലം: മോഷണക്കേസ് പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ എസ്.ഐയുടെ സർവീസ് റിവോൾവറിൽ നിന്ന് വെടിപൊട്ടി. ബുള്ളറ്റ് മുഖത്ത് ഉരഞ്ഞതിനെ തുടർന്ന് പ്രതി പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിന് (28) നിസ്സാര പരിക്കേറ്റു.

കത്തികൊണ്ടുള്ള ആക്രമണത്തിൽ പത്തനാപുരം സബ് ഇൻസ്പെക്ടർ അരുൺകുമാർ, സി.പി.ഒ വിഷ്ണു, കൺട്രോൾ റൂം ഉദ്യോഗസ്ഥരായ സാബു ലൂക്കോസ്, വിനീത് എന്നിവർക്കാണ് പരിക്കേറ്റത്.

എല്ലാവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 ഓടെ പത്തനാപുരം പുന്നലയിലാണ് സിനിമാരംഗത്തെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം പുന്നല ശിവക്ഷേത്രത്തിലും സർക്കാർ വിദ്യാലയത്തിലും മോഷണം നടന്നിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ മുകേഷാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞു. ഇയാൾ പുന്നലയിലെ ഭാര്യവീട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് വീട് വളഞ്ഞു.

പൊലീസിനെ കണ്ട് പ്രകോപിതനായ മോഷ്ടാവ് കത്തി വീശി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ എസ്.ഐ റിവോൾവർ ചൂണ്ടി.

ഇതോടെ യുവാവ് എസ്.ഐയ്ക്ക് നേരെ തിരിഞ്ഞു. കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തോക്കിൽ നിന്ന് വെടിയുതിർന്നു. മുകേഷിന്റെ മുഖത്ത് ഇടതുഭാഗത്തായാണ് ബുള്ളറ്റ് ഉരഞ്ഞത്.

ഭയന്നുപോയ പ്രതിയെ ഞൊടിയിടയിൽ പൊലീസുകാർ കീഴ്പ്പെടുത്തി. പൊലീസുകാരുടെ കൈയ്ക്കും ദേഹത്തുമാണ് കത്തികൊണ്ടുള്ള വ മുറിവുകൾ.

""

മോഷണം, അടിപിടി ഉൾപ്പെടെ ഇരുപത്തിയഞ്ചോളം കേസുകളിലെ പ്രതിയാണ് മുകേഷ്. ആശുപത്രിയിൽ നിന്ന് വിടുതൽ ലഭിക്കുന്ന മുറയ്ക്ക് കോടതിയിൽ ഹാജാരാക്കും.

ജയകൃഷ്ണൻ,​ എസ്.എച്ച്.ഒ,​ പത്തനാപുരം