t

കൊല്ലം: റെയിൽവേ സ്റ്റേഷനിലടക്കം പ്രീപെയ്ഡ് കൗണ്ടറുകളുടെ പ്രവർത്തനം നിലച്ചതോടെ നഗരത്തിലെ ഓട്ടോറിക്ഷകളിൽ പലവിധ നിരക്കുകളെന്ന് യാത്രക്കാരുടെ പരാതി. എന്നാൽ, പ്രീ പെയ്ഡ് കൗണ്ടറുകൾ ആരംഭിച്ചപ്പോൾ അധികൃതർ നൽകിയ വാക്കുകൾ ഇതേവരെ അധികൃതർ പാലിച്ചിട്ടില്ലെന്ന് ഓട്ടോറിക്ഷക്കാർ ആരോപിക്കുന്നു.

ട്രാഫിക്ക് പൊലീസിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്ക് മുമ്പാരംഭിച്ച കൗണ്ടറുകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല.

ആദ്യഘട്ടത്തിൽ തുടങ്ങിയവയിൽ പലതും ബാലാരിഷ്ഠത മാറും മുമ്പേ പൂട്ടിക്കെട്ടി. പ്രീപെയ്ഡ് കൗണ്ടറുകൾ തങ്ങൾക്ക് നഷ്ടമെന്ന വാദമുയർത്തി അന്നുതന്നെ ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്ത് വന്നിരുന്നു. എങ്കിലും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ കൗണ്ടറുകൾ തുടർന്നും പ്രവർത്തിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ്തന്നെ ചിലയിടത്ത് പ്രവർത്തനം നിറുത്തിയെങ്കിലും റെയിൽവേ സ്റ്റേഷനിലെ കൗണ്ടർ കാര്യമായ എതിർപ്പുകളൊന്നും കൂടാതെ പ്രവർത്തിച്ചിരുന്നു. എന്നാൽ അതും രണ്ടുമാസത്തിലേറെയായി താഴിട്ട അവസ്ഥയാണ്. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെല്ലാം പരമാവധി ഇടങ്ങളിൽ കൗണ്ടറുകൾ പുതുതായി ആരംഭിച്ചിട്ടും കൊല്ലം നഗരത്തി​ൽ മാത്രം അങ്ങനെയൊരു പരി​ശ്രമമി​ല്ല. യാത്രക്കാർ കൂടുതലുള്ള കേന്ദ്രങ്ങളി​ൽ പുതി​യ പ്രീപെയ്ഡ് കൗണ്ടറുകൾ ആരംഭിക്കുകയും നിലവിലുള്ളവയുടെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പറഞ്ഞുപറ്റിച്ചെന്ന് ഓട്ടോറിക്ഷക്കാർ

ഓരോ ഓട്ടത്തിന്റെയും രസീതുകളിൽ രണ്ടു രൂപ കുറച്ചാണ് തങ്ങൾക്ക് നൽകി​യി​രുന്നതെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. ഇതിൽ ഒരു രൂപ കൗണ്ടറിൽ ടോക്കൺ നൽകുന്ന വാർഡനും 50 പൈസ വീതം ട്രാഫിക് അതോറിട്ടി​ക്കും ഓട്ടോ തൊഴിലാളികളുടെ ക്ഷേമത്തിനും വേണ്ടി ഉപയോഗിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധി കാലത്ത് പോലും അതിൽ നിന്ന് ഒരു രൂപ തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിച്ചില്ലെന്നാണ് ആരോപണം. തൊഴിലാളികളും യൂണിയൻ നേതൃത്വവുമൊക്കെ ഇടപെട്ടിട്ടും തുക നൽകാനോ മറ്റെന്തെങ്കിലും തരത്തിൽ സഹായിക്കാനോ അധികൃതർ തയാറായില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

# പ്രധാന പ്രീ പെയ്ഡ് കൗണ്ടറുകൾ (ഒന്നും പ്രവർത്തിക്കുന്നില്ല )

 റെയിൽവേ സ്റ്റേഷൻ

 ചിന്നക്കട പോസ്റ്റ് ഓഫീസ്

 ക്ലോക്ക് ടവർ ജംഗ്‌ഷൻ

 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

 കളക്ടറേറ്റ്