കൊട്ടാരക്കര: വാളകം പൊലിക്കോട് മൊട്ടവിള ഭാഗത്ത് യാത്രാദുരിവും കുടിവെള്ള ക്ഷാമവും. മിക്ക ഗ്രാമീണ റോഡുകളും തകർച്ചയിലാണ്. എം.സി റോഡിലേക്ക് എത്തുന്ന നാങ്ങണം റോഡ് കോൺക്രീറ്റ് ചെയ്യാൻ പദ്ധതി തയ്യാറായിട്ട് നാളേറെയായി. നിർമ്മാണ സാമഗ്രികൾ ഇറക്കിവച്ചിട്ട് ഒരു വർഷമെത്താറുകുമ്പോഴും കോൺക്രീറ്റ് നടന്നിട്ടില്ല. വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. നിരത്തുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചതൊക്കെ കണ്ണടച്ചു. അറ്റകുറ്റപ്പണികൾ നടത്താനോ ബൾബ് മാറ്റാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജലവിതരണ കുഴലുകൾ ഉടൻ സ്ഥാപിക്കുമെന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങുമ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമായി വരികയാണ്. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികൾ താത്പര്യമെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.