covid

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായ വിതരണത്തിന് ലഭിച്ച എല്ലാ അപേക്ഷകളും ഇന്ന് വൈകിട്ട് 4 നകം തീർപ്പാക്കണമെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് കളക്ടർ നിർദ്ദേശം നൽകിയത്. മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പ്രാദേശിക, വില്ലേജ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടും കാര്യമായ പ്രയോജനവും ഉണ്ടായില്ല.

പുതുതായി ലഭിച്ചതും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയതുമായ 200 അപ്പീൽ കേസുകളുടെയും തിരിച്ചറിയപ്പെടാത്ത പട്ടികയിൽ ഉൾപ്പെട്ട 240 കേസുകളുടെയും അപേക്ഷകൾ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിച്ചുവെന്ന് ഉറപ്പാക്കണമെന്ന് അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

പ്രതിസന്ധി നീളാൻ കാരണം

ഐ.സി.എം.ആർ സർട്ടിഫിക്ക​റ്റിനായി അപേക്ഷകൻ അപ്പീൽ അഭ്യർത്ഥന നൽകുമ്പോൾ പരിശോധനയ്ക്കായി മരണം സ്ഥിരീകരിച്ച സ്ഥാപനത്തിലേക്ക് അയയ്ക്കുകയാണ് പതിവ്. ശേഷം അംഗീകാരത്തിനായി ജില്ലാ കൊവിഡ് മരണ പരിശോധനാ സമിതിക്ക് (സി.ഡി.എ.സി) കൈമാറും. എന്നാൽ പലപ്പോഴും ഇവ മരണം സ്ഥിരീകരിച്ച സ്ഥാപനത്തിലെത്താൻ വൈകുന്നതിനാൽ സി.ഡി.എ.സിയുടെ അംഗീകാരവും നീളും.