 
കൊട്ടാരക്കര: പഴമയുടെ അടയാളമായ കോട്ടാത്തലയിലെ കൽമണ്ഡപത്തിന്റെ സംരക്ഷണക്കാര്യം അനിശ്ചിതത്വത്തിൽ. പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും നാളിതുവരെ സംരക്ഷണ പദ്ധതികളായിട്ടില്ല. മേൽക്കൂര തകർന്ന മണ്ഡപം ഓരോ ദിനം പിന്നിടുമ്പോഴും കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചാണ് നേരത്തെ മഴ നനയാത്തവിധം തട്ടിക്കൂട്ട് സംവിധാനമൊരുക്കിയത്. ഇതെല്ലാം നശിച്ചു. ഇപ്പോൾ മേൽക്കൂരയിലെ തടികൾ പൂർണമായും നാശത്തിലാണ്. മണ്ഡപം തകർന്ന് ഒന്നര വർഷമെത്തുമ്പോഴും സംരക്ഷക്കാര്യത്തിൽ അധികൃതർ കാട്ടുന്ന അലംഭാവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
ഫയൽ കളക്ട്രേറ്റിൽ
ജനത വായനശാല അങ്കണത്തിൽ പടർന്നുപന്തലിച്ച് തണൽ വിരിച്ചിരുന്ന ആൽമരം കടപുഴകിയപ്പോൾ ചില്ലകൾ പതിച്ചാണ് മണ്ഡപത്തിന് തകരാർ പറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കെ.എൻ.ബാലഗോപാൽ വോട്ടഭ്യർത്ഥനയുമായി വന്നപ്പോൾ ഈ മണ്ഡപത്തിലിരുന്ന് വിശ്രമിക്കുകയും നാട്ടുകാരോട് മണ്ഡപത്തിന്റെ വിവരങ്ങൾ ചോദിക്കുകയുമുണ്ടായി. ബാലഗോപാൽ വിജയിച്ച് മന്ത്രിയായപ്പോൾ നാട്ടുകാർക്ക് മണ്ഡപത്തിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ നാളിതുവരെ യാതൊരു ഗുണകരമായ നടപടിയും ഉണ്ടായില്ല. പുരാവസ്തുവകുപ്പ് മണ്ഡപത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്ത് നൽകിയിരുന്നു. വില്ലേജ് അധികൃതർ ഇതിന്റെ വിശദമായ റിപ്പോർട്ട് താലൂക്ക് ഓഫീസ് വഴി കളക്ട്രേറ്റിലേക്ക് നൽകിയെങ്കിലും ആ ഫയൽ പിന്നീട് അനക്കംവച്ചില്ലെന്നാണ് ആക്ഷേപം.
ചരിത്രത്തിന്റെ ശേഷിപ്പ്
കോട്ടാത്തലയിലെ കൽമണ്ഡപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. അടിസ്ഥാനവും തൂണുകളും മുകളിൽ ഉത്തരമായി സ്ഥാപിച്ചിരിക്കുന്നതും കരിങ്കല്ലാണ്. മണ്ഡപത്തിന്റെ നാല് തൂണുകളിലും രാജാവിനെയും രാജ്ഞിയെയും ഗണപതിയെയും മഹാലക്ഷ്മിയെയും കൊത്തിയൊരുക്കിയിട്ടുണ്ട്. മേൽക്കൂരയിൽ ഓട് പാകിയതാണ്. നാട്ടുകൂട്ടം കൂടിയിരുന്നതും ഈ കൽമണ്ഡപത്തിലാണെന്ന് പറയപ്പെടുന്നു.