
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അചാരങ്ങളുടെ ഭാഗമായ കരസമ്പ്രദായം ബൈലോ ഭേദഗതിയിലൂടെ അട്ടിമറിക്കുന്നു. ഓച്ചിറക്കളി, ഇരുപത്തിയെട്ടാം ഓണത്തിന് നന്ദികേശന്മാരുടെ എഴുന്നള്ളത്ത് എന്നിങ്ങനെ ഓച്ചിറ ക്ഷേത്രത്തിലെ ഒട്ടുമിക്ക ആചാരങ്ങളും കര അടിസ്ഥാനത്തിലാണ് നടന്നുവരുന്നത്.
എന്നാൽ പുതിയ കരട് ബൈലോയിൽ കരസമ്പ്രദായം മാറ്റി പൊതുഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വില്ലേജ് അടിസ്ഥാനത്തിലാക്കി.
ഇരുപത്തിയെട്ടാം ഓണത്തിന് ഏറ്റവും വലുതും ഭംഗിയുള്ളതുമായ നന്ദികേശനെ എഴുന്നള്ളിക്കാൻ കരകൾ തമ്മിലാണ് മത്സരം. ഓച്ചിറക്കളിയിൽ കര അടിസ്ഥാനത്തിലാണ് സംഘങ്ങൾ പങ്കെടുക്കുന്നത്.
ഓരോ കരയിലും ഓച്ചിറക്കളിയുമായി ബന്ധപ്പെട്ട് പ്രത്യേക കളരികളും പ്രവർത്തിക്കുന്നുണ്ട്. കര സമ്പ്രദായം ഇല്ലാതാകുന്നത് നന്ദികേശന്മാരുടെ എഴുന്നള്ളത്തിനെയും ഓച്ചിറക്കളിയെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ഓച്ചിറ ക്ഷേത്ര ഭരണത്തിൽ ഉറപ്പാക്കുന്ന വികേന്ദ്രീകൃത ജനാധിപത്യം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ കരട് ബൈലോ. നിലവിൽ ഓരോ കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ അടങ്ങിയ പൊതുഭരണസമിതിയാണ് ക്ഷേത്രത്തിലെ ഉത്സവം അടക്കമുള്ള ആചാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. വൃശ്ചിക പന്ത്രണ്ട് വിളക്കിന് കച്ചവട സ്ഥാപനങ്ങളുടെ നിയന്ത്രണം, ഭജനക്കുടിലുകളിൽ സൗകര്യം ഏർപ്പെടുത്തൽ, പ്രസാദ വിതരണം എന്നിവയെല്ലാം പൊതുഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
പൊലീസിന് ക്രമസമാധാന ചുമതല മാത്രമാണുള്ളത്. നിലവിൽ 266 അംഗ പൊതുഭരണസമിതിയാണുള്ളത്. എന്നാൽ കരട് ബലോയിൽ പൊതുഭരണസമിതി അംഗങ്ങളുടെ എണ്ണം 164 ആയി കുറച്ചത് ചടങ്ങുകളുടെ സംഘാടനത്തെയും സുതാര്യമായ നടത്തിപ്പിനെയും സാരമായി ബാധിക്കും.
ഭരണച്ചുമതലയുള്ള കരകൾ പുറത്തായി
1. നിലവിൽ 52 കരകൾക്കാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഭരണച്ചുമതല
2. പുതിയ കരട് ബൈലോ അതിർത്തി പ്രദേശം 10 വില്ലേജുകളായി പുനർനിർണയിച്ചു
3. ഇതോടെ കായംകുളം വില്ലേജിലെ ചേരാവള്ളി, ചിറക്കടവ് ആറാട്ടുപുഴ വില്ലേജിലെ വലിയഴീക്കൽ എന്നീ കരകൾ പുറത്തായി
4. നേരത്തെ അലപ്പാട്, തഴവ, ഭരണിക്കാവ് വില്ലേജുകളിൽ ഒരു കരകളുടെയും ഭാഗമല്ലാതിരുന്ന കൂടുതൽ പ്രദേശങ്ങൾ ക്ഷേത്ര ഭരണസമിതിയുടെ പരിധിയിൽ ഉൾപ്പെടുത്തി
പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ പ്രയാസം
നിലവിൽ മൂന്നാമത്തെ ഘടകമായ പ്രവർത്തക സമിതിയിലാണ് വിവിധ സമുദായങ്ങളുടെ പ്രാതിനിദ്ധ്യം നിജപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക ഘടകമായ പൊതുസമിതി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന പൊതുഭരണസമിതിയിൽ നിന്നാണ് പ്രവർത്തക സമിതിയെ തിരഞ്ഞെടുക്കുന്നത്. പൊതുഭരണസമിതിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നായി എല്ലാസമുദായക്കാരും വിജയിച്ച് വരുന്നതിനാൽ പ്രവർത്തക സമിതിയിലേക്ക് ബൈലോ നിർദ്ദേശിക്കുന്ന പ്രകാരം എല്ലാ സമുദായക്കാരുടെയും പ്രാതിനിദ്ധ്യം ഉറപ്പാക്കാനാകും. എന്നാൽ കരട് ബൈലോയിൽ പൊതുഭരണസമിതിയിൽ സമുദായ പ്രാതിനിദ്ധ്യം നിർബന്ധിതമായി നിജപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ ഭൂരിഭാഗം വില്ലേജുകളിലും ധീവര അടക്കമുള്ള സമുദായക്കാരില്ല. അതിനാൽ കരട് ബൈലോ പൊതുസമിതിയിൽ സമുദായ പ്രാതിനിദ്ധ്യം നിജപ്പെടുത്തുന്നുണ്ടെങ്കിലും പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ല.
""
പുതിയ ബൈലോ പ്രകാരം ധീവര അടക്കമുള്ള ന്യൂനപക്ഷ ഹിന്ദു സമുദായങ്ങളുടെ പ്രാതിനിദ്ധ്യം പൊതുഭരണസമിതിയിൽ കുറയാൻ ഇടയാക്കും. ധീവരസമുദായം തിങ്ങിപ്പാർക്കുന്ന വലിയഴീക്കൽ കര ഭരണസമിതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.
വലിയഴീക്കൽ കരക്കാർ