ഓടനാവട്ടം: വെളിയം പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നതിൽ ക്രമക്കേടുണ്ടെന്നു കാട്ടി ആർ. എസ്. പി വെളിയം ലോക്കൽ കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. അർഹതയുള്ള കേരകർഷകരെ ഒഴിവാക്കിയാണ് വാർഡ് സമിതികൾ രൂപീകരിച്ചതെന്നു യോഗം ആരോപിച്ചു. പദ്ധതിയുടെ ആനുകൂല്യം എല്ലാ കേരകർഷകർക്കും ലഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് യോഗം പഞ്ചായത്ത്‌ സെക്രട്ടറിയോടും കൃഷിഭവൻ അധികൃതരോടും ആവശ്യപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി ഇലഞ്ഞിവിള അദ്ധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ഭാസി പരുത്തിയിറ, മുട്ടറ ബിജു, അശോകൻ തുടങ്ങിയവർ സംസാരിച്ചു.