കൊട്ടാരക്കര: കുണ്ടറ പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി. കൊല്ലം-തിരുമംഗലം ദേശീയപാതയും പരിസരവും വെള്ളത്തിൽ മുങ്ങി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊട്ടാരക്കര കോട്ടപ്പുറത്താണ് വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടി അകന്നത്. വെള്ളം ശക്തിയായി പുറത്തേക്കൊഴുകുകയായിരുന്നു. പെരുമഴക്കാലത്തെ വെള്ളപ്പൊക്കത്തെപ്പോലെയാണ് വെള്ളം റോഡിലും പരിസരങ്ങളിലും നിറഞ്ഞത്. ഗതാഗതം തടസപ്പെടും വിധം വെള്ളം നിറഞ്ഞു. അര കിലോമീറ്റർ ദൂരംവരെ വെള്ളം റോഡിലൂടെ നിറഞ്ഞൊഴുകുകയായിരുന്നു. കുണ്ടറ പദ്ധതിയുടെ ഭാഗമായ പ്രധാന പൈപ്പ് ലൈനിന്റെ വാൽവുള്ള ഭാഗമാണ് പൊട്ടിയകന്നത്. തുടർന്ന് കൊട്ടാരക്കര ഫയർഫോഴ്സും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമെത്തി പൈപ്പ് അടച്ചാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് നിറുത്തിയത്. കൊവിഡ് നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയായതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്താൻ വൈകിയതോടെയാണ് കൂടുതൽ ജലം നഷ്ടപ്പെട്ടത്. നാല് വർഷം മുൻപ് ഇവിടുത്തെ വാൽവ് മാറ്റി സ്ഥാപിച്ചിരുന്നതാണ്. പുലമൺ ജംഗ്ഷന് സമീപത്തേക്ക് അപ്രതീക്ഷിതമായി വെള്ളം കുത്തനെ ഒഴുകിയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലുമാക്കി.