muthira-parambu
മുതിര പമ്പിന് സമീപം മാലിയിൽ മുക്കിൽ റോഡിന്റെ ടാറിംഗിനോട് ചേർന്ന കുഴിയും പാർശ്വഭിത്തി നിർമ്മിച്ചിട്ടില്ലാത്ത സ്ഥലവും

 അപകട ഭീഷണി, നാട്ടുകാർ പ്രതിഷേധത്തിൽ

പടിഞ്ഞാറേകല്ലട: പഞ്ചായത്തിൽ കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടന്നുവരുന്ന കടപുഴ, വളഞ്ഞ വരമ്പ്, കാരാളിമുക്ക് പി.ഡബ്ല്യു.ഡി റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടും വശങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടുന്നതായി പരാതി. ഇവർക്കൊന്നും നോട്ടീസ് പോലും ഇതുവരെ നൽകി​യി​ട്ടി​ല്ല.

റോഡ് ഹൈടെക് ആയതോടെ വാഹനങ്ങളുടെ വേഗവും കൂടി​. കൊടും വളവുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കൈയേറ്റങ്ങൾ സർവേവിഭാഗം ജീവനക്കാർ അളന്ന് തിരിച്ച് കല്ലിട്ടിട്ടും ആ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാനോ മതിലുകളും വേലികളും കയ്യാലകളും കെട്ടിടങ്ങളുടെയും കടകളുടെയും ഇറക്കുകളും പൊളിച്ചു മാറ്റാനോ എന്തെങ്കി​ലും നടപടി സ്വീകരിച്ചി​ട്ടി​ല്ല. കൂടാതെ മിക്ക സ്ഥലങ്ങളിലും റോഡിന്റെ ടാറിംഗിനോട് ചേർന്ന ഭാഗത്ത് പാർശ്വഭിത്തി പോലും നിർമ്മിച്ചിട്ടില്ല. ഇത് റോഡിന്റെ ബലക്ഷയത്തിനും എതിരേവരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ മറിഞ്ഞ് അപകടങ്ങൾക്കും കാരണമായേക്കാം.

 പാർശ്വഭിത്തിയും പൊക്കിയില്ല

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന ഐത്തോട്ടുവ വാർഡിലെ തോപ്പിൽകടവു മുതൽ മുളയ്ക്കൽ കടവ് വരെയുള്ള റോഡിന്റെ ഇരു വശത്തെയും നെൽപ്പുരക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്തെ കല്ലടയാറിനോട് ചേർന്ന റോഡിന്റെയും പാർശ്വഭിത്തിയുടെ ഉയരം ഇന്നേവരെ കൂട്ടിയിട്ടില്ല. ഏതാനും മാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ കല്ലടയാർ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് മുളയ്ക്കൽ കടവിൽ റോഡും മുങ്ങി​യി​രുന്നു. പൊലീസി​ന്റെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ദുരന്തം ഒഴി​വായത്.

റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചും പാർശ്വഭിത്തി നിർമ്മിച്ചും ഗുണനിലവാരം മെച്ചപ്പെടുത്തി വാഹനാപകടങ്ങൾ കുറയ്ക്കാൻ അധി​കൃതർ നടപടി​ സ്വീകരി​ക്കണം. ടാറിംഗിന്റെ വീതി കൂട്ടിയി​ട്ടും വൈദ്യുത പോസ്റ്റുകൾ ദൂരേക്കു മാറ്റി​യി​ല്ല. ഇതും ഭാവിയിൽ വാഹനാപകടങ്ങൾക്ക് കാരണമായേക്കാം

പ്രദേശവാസി​കൾ