chathannoor
തണ്ണീർത്തടമായിരുന്ന ഭാഗത്ത് റബർ മരങ്ങൾ നട്ടു വളർത്തിയ ശേഷം നടത്തുന്ന നികത്തൽ

ചാത്തന്നൂർ: വാരാന്ത്യ ലോക്ക് ഡൗണിന്റെ മറവിൽ രാപ്പകൽ ഭേദമില്ലാതെ മണ്ണെടുപ്പും കുന്നിടിച്ചു നിരത്തലും വ്യാപകമായിട്ടും അധികൃതർ അനങ്ങുന്നില്ല. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂർ, ചിറക്കര പഞ്ചായത്തിലെ ഉളിയനാട്, പോളച്ചിറ, ചാത്തന്നൂർ പഞ്ചായത്തിലെ ഇടനാട് മേഖലകളിൽ നിന്ന് നൂറുകണക്കിന് ലോഡ് മണ്ണാണ് ഇക്കഴിഞ്ഞ ലോക്ക്ഡൗൺ ദിവസങ്ങളിൽ കടത്തിയത്.

പുലർച്ചെ 3 മുതൽ 6 വരെയാണ് മണ്ണെടുപ്പും കടത്തലും നടക്കുന്നത്. നിരന്തര പരാതി ഉണ്ടായിട്ടും റവന്യു അധികൃതർ സ്ഥലം സന്ദർശിക്കാനോ ഉടമയെക്കൊണ്ട് പിഴ അടപ്പിക്കാനോ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ജനവാസം കുറഞ്ഞതും ഒറ്റപ്പെട്ടതുമായ മേഖലകളിലാണ് തണ്ണീർത്തടങ്ങളും വയലുകളും നികത്തി റബർ മരങ്ങൾ വച്ചുപിടിപ്പിച്ചു നികത്തുന്നത്. പരിസ്ഥിതിലോല മേഖലകളിലെ കുന്നുകൾ ഇടിച്ചുനിരത്തിയാണ് മണ്ണെടുക്കുന്നത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.

അർദ്ധരാത്രിക്കും പുലർച്ചെയുമാണ് മണ്ണുകടത്തലും നികത്തലും പ്രധാനമായും നടന്നിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ദിവസമായ ഇന്നലെ പകൽ വെളിച്ചത്തിൽത്തന്നെ മണ്ണ് ഖനനം നടത്തി. ഈ മണ്ണ് സമീപമേഖലകളിലെ വയലുകളും തണ്ണീർത്തടങ്ങളും മറ്റും നികത്താനാണ് ഉപയോഗപ്പെടുത്തുന്നത്

 പരാതിപ്പെടാൻ ആളില്ല

അനുമതിയില്ലാത്ത പ്രദേശങ്ങൾ മണ്ണിട്ട് നികത്തിനൽകാൻ പ്രത്യേക മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. വയൽ നികത്തി കരഭൂമിയായ പ്രദേശങ്ങൾക്ക് സമീപത്തെ ഭൂവുടമകൾക്കും 'സേവനം' ലഭ്യമാക്കുന്നതിനാൽ വലിയ പരാതികളില്ല. രാഷ്ട്രീയ സംഘടനകളും രംഗത്തെത്തുന്നില്ല. പ്രകൃതി സ്നേഹികളെന്ന പേരിൽ ചിലരുണ്ടാക്കുന്ന സംഘടനകളാവട്ടെ, ഇടനിലക്കാരായി മാറിയെന്നും ആരോപണമുണ്ട്.