 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി ലൈബ്രറിക്ക് പുസ്തകം സംഭാവന നൽകി. ലിറ്റ്മസ് സെവൻ സിസ്റ്റം കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വേണു ഗോപാലകൃഷ്ണനാണ് ( കല്ലേലിഭാഗം ) നാൽപതിനായിരം രൂപയുടെ പുസ്തകം സംഭാവന നൽകിയത്. വേണുഗോപാലകൃഷ്ണന്റെ മാതാപിതാക്കൾ വിമുക്തി കൗൺസലിംഗ് സെന്ററിലെത്തി വിമുക്തി കോ-ഓർഡിനേറ്റർ പി. എൽ.വിജിലാലിന് പുസ്തകങ്ങൾ കൈമാറി. ലഹരിയുടെ മായികവലയത്തിൽ നിന്ന് യുവജനങ്ങളെയും വിദ്യാർഥികളെയും പിന്തിരിപ്പിക്കുക, ബോധവത്കരണ പ്രവർത്തനത്തിലൂടെ അവരെ ജീവിതത്തിന്റെ ഹരിതാഭയിലേക്ക് കൊണ്ടെത്തിക്കുക, വിദ്യാർത്ഥികളിലും യുവജനങ്ങളിലും അറിവിന്റെ ജ്വാല തെളിയിക്കുക എന്നതാണ് ലൈബ്രറിയുടെ ലക്ഷ്യം. സംസ്ഥാനത്ത് എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആദ്യ ലൈബ്രറി കൂടിയാണ് കരുനാഗപ്പള്ളി റേഞ്ച് ഓഫീസിൽ പ്രവർത്തിക്കുന്ന വിമുക്തി ലൈബ്രറി ആൻഡ് റീഡിംഗ് റൂം.