kunnathoor-
കുന്നത്തൂരിൽ വിതരണം ചെയ്യുന്ന മാലിന്യം നിറഞ്ഞ കലങ്ങ വെള്ളം

കുന്നത്തൂർ: ചേലൂർ കായലിലെ വെള്ളം ശുദ്ധീകരിച്ച് ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുന്നത്തൂർ ശുദ്ധജല പദ്ധതി ആരംഭിച്ചത്. എന്നാൽ കലക്കവെള്ളമല്ലാതെ ശുദ്ധജലം ഇതുവരെ ജനങ്ങളിലെത്തിക്കാൻ പദ്ധതിക്കായിട്ടില്ല. ഇപ്പോൾ അത് മലിന ജലമായി പൈപ്പുകളിലൂടെ എത്തുന്നുവെന്നതാണ് പുതിയ ദുരിതം. നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഇത് പുതിയ സംഭവമല്ല. എല്ലാ വേനൽക്കാലത്തും മലിന ജലം കുടിച്ചാണ് ഇവിടത്തുകാർ കഴിയുന്നത്.

യാതൊരു സംരക്ഷണവുമില്ലാത്ത ചേലൂർ കായൽ പണ്ട് കുപ്രസിദ്ധി നേടിയിരുന്നത് മണൽ ഖനനത്തിന്റെ പേരിലായിരുന്നു. പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിച്ചിരുന്നതും കന്നുകാലികളെ കുളിപ്പിച്ചിരുന്നതും ഓല അഴുകാൻ ഉപയോഗിച്ചിരുന്നതുമെല്ലാം ഈ കായലിനെയാണ്.

ഇപ്പോൾ, ചേലൂരിൽ വന്നുചേരുന്ന തൊളിക്കൽ തോട്ടിലടക്കം വൻതോതിൽ ഇറച്ചി, സെപ്ടിക്, ഭക്ഷണ മാലിന്യങ്ങളും കായലിലാണ് വന്നുചേരുന്നത്.

ഈ മലിനജലമാണ് ക്ലോറിനേഷൻ പോലും ചെയ്യാതെ പൈപ്പുകൾ വഴി ശുദ്ധജലമെന്ന പേരിൽ വീടുകളിലെത്തുന്നത്. കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും കണ്ടെത്തുന്നത് പതിവാണെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

മലിനജലം കുടിപ്പിക്കാൻ മത്സരം

കുടിവെള്ളത്തിന്റെ പേരിൽ മാസം തോറും ലക്ഷങ്ങൾ കൊയ്യുന്ന വാട്ടർ അതോറിട്ടിയും പഞ്ചായത്തും നാട്ടുകാരെ മലിന ജലം കുടിപ്പിക്കാൻ മത്സരിക്കുകയാണ്. വേനൽക്കാലത്ത് കുന്നത്തൂർ പഞ്ചായത്തിലാകമാനവും പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട, പോരുവഴി പഞ്ചായത്തുകളിൽ ഭാഗീകമായും വിതരണം ചെയ്യുന്നത് ചേലൂരിൽ നിന്നുള്ള വെള്ളമാണ്. ആരോഗ്യത്തിന് ഹാനീകരമായ രീതിയിൽ കോളീഫോം ബാക്ടീരിയയുടെ അളവ് വർദ്ധിച്ചതായി അടുത്തിടെ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ, കുടി വെള്ളത്തിലൂടെ രോഗങ്ങൾ പടരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

കുന്നത്തൂർ പദ്ധതിയുടെ നവീകരണം ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബദൽ കുടിവെള്ള പദ്ധതിക്കായി നാട്ടുകാർ മുറവിളി കൂട്ടിയെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല.