അഞ്ചൽ: ആദ്യകാല കമ്മ്യൂണിസ്റ്റും മാതൃകാ കർഷകനുമായിരുന്ന അഞ്ചൽ, പനച്ചവിള കുന്നത്തയ്യത്തുവീട്ടിൽ സുകുമാരന്റെ (87) അപ്രതീക്ഷിത വിയോഗം നാടിന് നൊമ്പരമായി. നാട്ടുകാർ സഖാവ് എന്നും ചേട്ടനെന്നും വിളിച്ചിരുന്ന സുകുമാരൻ പത്തനാപുരം മാലൂരിലാണ് ജനിച്ചത്. 1953 ൽ പത്താം ക്ലാസ് പരീക്ഷയും തുടർന്ന് ടൈപ്പ് റൈറ്റിംഗും ഷോർട്ടുഹാൻഡും പാസായി. സർക്കാർ ജോലി ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായ സുകുമാരൻ ജില്ലയുടെ കിഴക്കൻ മേഖലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു. ആര്യങ്കാവ്, തെന്മലവാലി, കഴുതുരുട്ടി തുടങ്ങിയ പ്രദേശങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി മുൻ എം.എൽ.എ. പി.കെ. ശ്രീനിവാസൻ, പി.ഒ. സ്പെൻസർ തുടങ്ങിയവർക്കൊപ്പം നിരവധി സമരങ്ങളും നയിച്ചു. പലതവണ പൊലീസ് മർദ്ദനവും ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ മന്ദാകിനിക്ക് പാർക്കിൻസൺ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സാ സൗകര്യാർത്ഥം അഞ്ചൽ പനച്ചവിളയിലേയ്ക്ക് താമസം മാറി. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ കൃഷിയിലേയ്ക്ക് തിരിഞ്ഞു. പിന്നീട് കൃഷിയിലായി കൂടുതൽ ശ്രദ്ധ. കറിവേപ്പില കൃഷിക്കാണ് പ്രാധാന്യം നൽകിയത്. ഔഷധ സസ്യങ്ങളെ കുറിച്ചും 1955 കാലത്ത് കമ്മ്യൂണിസ്റ്റ് പാ‌ർട്ടിയുടെ പ്രവ‌ർത്തനങ്ങൾ പ്രതിപാദിക്കുന്ന തപ്തസ്മരണകൾ എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാതൃകാ കൃഷിക്കാരൻ എന്ന നിലയിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഞ്ചലിൽ നടന്ന കേരളകൗമുദി എക്സിബിഷനിൽ മാതൃകാ കൃഷിക്കാരനുള്ള പുരസ്കാരം ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഇദ്ദേഹത്തിന് നൽകിയിരുന്നു.