
കൊല്ലം: ജില്ലയിൽ പച്ചപിടിച്ചുവന്ന ടൂറിസം മേഖല കൊവിഡിന്റെ പുതിയ വ്യപനത്തിൽ വീണ്ടും ഉലയുന്നു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൺറോത്തുരുത്തിലും സാമ്പ്രാണിക്കോടിയിലും മറീനാ ജെട്ടിയിയിലും തെന്മലയിലും വിനോദസഞ്ചാരികളുടെ പൊടി പോലുമില്ല. വിദേശ ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ എത്തുന്ന സീസൺ ആണ് മൂന്നാം തരംഗത്തിൽ നഷ്ടമായത്. ഒമിക്രോൺ ഭീതിയിൽ ജനുവരി പകുതിയോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടയുകയായിരുന്നു.
വാരാന്ത്യ ലോക്ക്ഡൗൺ കൂടി ആരംഭിച്ചതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ വിജനമായത്. ശനിയാഴ്ച എത്തി റിസോർട്ടുകളിൽ താമസിച്ച് ഞായറാഴ്ച മടങ്ങുന്നവർ ലോക്ക്ഡൗൺ കാരണം യാത്ര ഉപേക്ഷിച്ചു. നവംബർ മുതൽ ഫെബ്രുവരി വരെയാണ് വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകുന്നത്. ആഭ്യന്തര ടൂറിസ്റ്റുകൾ കൂടി എത്തുന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വലിയ ഉണർവുണ്ടാകും. വിദേശ സഞ്ചാരികൾ മാസങ്ങൾക്ക് മുൻപ് തന്നെ ടൂർ പ്ളാൻ ചെയ്ത് റിസോർട്ടുകൾ ബുക്ക് ചെയ്യും.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടഞ്ഞതോടെ നിരവധി ബുക്കിംഗുകൾ റദ്ദായി. സഞ്ചാരികൾ യാത്ര ഉപേക്ഷിച്ചു. മറീന ബീച്ചിൽ 20 ഓളം ഹൗസ് ബോട്ടുകളും ജീവനക്കാരും 20 ദിവസമായി വെറുതെയിരിക്കുകയാണ്.
ഓണത്തെളിവ് പ്രളയം തകർത്തു!
കൊവിഡ് രണ്ടാം തരംഗത്തിൽ എട്ടു മാസത്തെ അടച്ചിടൽ കാലത്ത് കഴിഞ്ഞ ഓണത്തിന് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ആശ്വാസം പകർന്നിരുന്നു. സെപ്തംബറായതോടെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചു. ഒന്നര വർഷമായി 'വീട്ടുതടങ്കലി'ലായിരുന്ന കുടുംബാംഗങ്ങൾ കുട്ടികളോടൊപ്പം സഞ്ചാരത്തിനെത്തി. ഓണത്തിന് ശേഷം ഉണ്ടായ പ്രളയം പിന്നെയും ടൂറിസം മേഖലയ്ക്ക് ഇരുട്ടടിയായി. ഡിസംബറോടെ വീണ്ടും ഉണർന്ന മേഖല മൂന്നാം തരംഗത്തോടെ വീണ്ടും വെള്ളത്തിലായി.
..................................................................................
# കരകയറാനാവാത്ത പ്രതിസന്ധി
കൊവിഡ് വ്യാപനം ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വരുമാനം പകുതിയാക്കി
റിസോർട്ട്, ഹൗസ് ബോട്ട് മേഖലകൾ പ്രതിസന്ധിയിലായി.
റിസോട്ടുകളിൽ ഇരുട്ടടിയായി വൈദ്യുതി ബില്ലും
കൊവിഡ് സെന്ററാക്കിയ റിസോർട്ടുകൾക്ക് 8 മാസത്തെ വൈദ്യുതി ബിൽ ₹ 50,000 രൂപ
അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുമെന്ന് ഭീഷണി
................................................................................