
ആദിത്യയ്ക്കുള്ള വീടിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ
പത്തനാപുരം: വാവ സുരേഷ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ നിമിഷം മുതൽ നേർച്ചകൾ നേർന്ന് പ്രാർത്ഥനയോടെ കഴിഞ്ഞ ഒരു കുടുബം പത്തനാപുരത്തുണ്ട്.
2020 ഒക്ടോബറിൽ പാമ്പുകടിയേറ്റ് മരിച്ച പത്ത് വയസുകാരി ആദിത്യയുടെ മാതാപിതാക്കളായ രാജീവും സിന്ധുവുമാണ് പ്രാർത്ഥനയോടെ കഴിഞ്ഞത്. വാവ സുരേഷ് സമ്മാനിച്ച വീട്ടിലാണ് കുടുംബം ഇപ്പോൾ കഴിയുന്നത്. അടച്ചുറപ്പില്ലാത്ത മൺകുടിലിൽ ഉറങ്ങവെയാണ് ആദിത്യ പാമ്പുകടിയേറ്റ് മരിച്ചത്.
ഒരു വീടിനുവേണ്ടി പത്തനാപുരം മാങ്കോട് സ്വദേശിയായ രാജീവും ഭാര്യ സിന്ധുവും കയറാത്ത സർക്കാർ ഓഫീസുകളില്ലായിരുന്നു. എല്ലായിടത്തും അവഗണ മാത്രമാണ് ലഭിച്ചത്. ഇതിനിടയിലാണ് ആദ്യത്യയുടെ അകാല വിയോഗം. കുടുംബത്തിന്റെ ദയനീയാവസ്ഥ വാവ സുരേഷിന് മുന്നിലുമെത്തി.
ഇതിനിടെ വാവ സുരേഷിന് അടച്ചുറപ്പുള്ള വീടില്ലെന്നറിഞ്ഞ ഒരു സംഘടന വാവയ്ക്ക് വീടുവച്ച് നൽകാൻ തീരുമാനിച്ചു. എന്നാൽ വാവ സുരേഷ് ആദിത്യയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ ഇവരോട് അഭ്യർത്ഥിക്കുകയായിരുന്നു. 2020 ഡിസംബറിലാണ് വീടുപണി ആരംഭിച്ചത്. വീടിന്റെ വാനമെടുപ്പ്, കല്ലിടൽ, കട്ടിളവയ്പ്പ്, വാർപ്പ് തുടങ്ങിയ ചടങ്ങുകളിലും വാവ പങ്കെടുത്തിരുന്നു.
ഇതിനിടയിലാണ് കോട്ടയത്ത് വച്ച് വാവ സുരേഷിന് പാമ്പുകടിയേറ്റത്. അദ്ദേഹം വീണ്ടും ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ സന്തോഷത്തിലാണ് ആദിത്യയുടെ കുടുംബം.
""
ഭീതിയില്ലാതെ അന്തിയുറങ്ങാൻ ഒരു വീടെന്ന ആദ്യത്യമോളുടെ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അവൾ കൂടെയില്ലെന്നത് വലിയ ദുഃഖമാണ്. വീടിന്റെ കുറച്ച് ജോലികൾകൂടി പൂർത്തിയാകാനുണ്ട്.
രാജീവ്, ഗൃഹനാഥൻ