hospital

കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള പരബ്രഹ്മ ആശുപത്രി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരങ്ങളിൽ പുതിയ കരട് ബൈലോ സെക്രട്ടറിയെയും ട്രഷറയെയും പൂർണമായും അപ്രസക്തരാക്കുന്നു. നിലവിലെ കീഴ്വഴക്കം അനുസരിച്ച് ഈഴവസമുദായാംഗമാണ് സെക്രട്ടറിയായി വരുന്നത്. ധീവരസഭാംഗം ട്രഷററും. ഇവരുടെ അധികാരങ്ങൾ പൂർണമായും ഇല്ലാതാക്കി നായർ സമുദായക്കാർ എത്തുന്ന പ്രസിഡന്റ് പദവിയിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ച് നൽകുന്ന പുതിയ കരട് ബാൈലോയ്ക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുള്ളതായി വ്യാപക ആരോപണം ഉയരുന്നു.

നിലവിൽ ക്ഷേത്ര കാര്യനിർവഹണ സമിതിയാണ് ആശുപത്രി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളുടെ ഭരണം നടത്തുന്നത്. സെക്രട്ടറി ചെയർമാനായി എല്ലാ കാര്യനിർവഹണ സമിതി അംഗങ്ങളും ഉൾപ്പെട്ട സമിതി ഇതിനായി നിലവിലുള്ളത്. പൊതുഭരണസമിതി, പ്രവർത്തകസമിതി എന്നിവയിൽ നിന്നും തിരഞ്ഞെടുക്കുന്നവർ അടങ്ങിയ ഓഡിറ്റ് കമ്മിറ്റിയാണ് വരവ് ചെലവ് കണക്കുകൾ നോക്കുന്നത്. താരതമ്യേന നഷ്ടത്തിൽ പ്രവർത്തിക്കുന്ന പരബ്രഹ്മ ആശുപത്രി, ക്ഷേത്രത്തിന്റെ വരുമാനം ഉപയോഗിച്ചാണ് നിലനിറുത്തിക്കൊണ്ടുപോകുന്നത്. ഈ സാദ്ധ്യതകളും സുതാര്യതയും പൂർണമായും ഇല്ലാതാക്കുന്ന തരത്തിലാണ് പുതിയ കരട് ബൈലോ. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ആശുപത്രിയിലേക്ക് വാങ്ങുന്നത്. വൻ കമ്മിഷൻ ഇടപാടുകൾക്കുള്ള സാദ്ധ്യത ഇത്തരം വാങ്ങലുകളിലുണ്ട്. കാര്യനിർവഹണ സമിതി അംഗങ്ങൾക്ക് പ്രാതിനിദ്ധ്യം ഇല്ലാതെ വരുന്നത് വൻ സാമ്പത്തിക അപഹരണത്തിനും വഴി തുറക്കുന്നു. വികസനഘട്ടത്തിൽ നിൽക്കുന്ന നഴ്സിംഗ് കോളേജ്, നഴ്സിംഗ് സ്കൂൾ എന്നിവിടങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കാനിരിക്കുന്നത്. വികസന പ്രവർത്തനത്തിന് കൂടുതൽ ഭൂമി വാങ്ങേണ്ടതുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന സമിതിക്ക് ഇവയിലെന്നും ഇടപെടാനാകാതെ വരുന്നത് അഴിമതിക്ക് വഴിവയ്ക്കും.

ഭരണി സമിതിയെ നോക്കുകുത്തിയാക്കി

1. പുതിയ കരട് ബൈലോ ക്ഷേത്ര പ്രസിഡന്റ് ചെയർമാനും ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ സെക്രട്ടറിയുമായുള്ള ഗവേണിംഗ് ബോഡിക്കാണ് ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ചുമതല നൽകിയിരിക്കുന്നത്

2. സെക്രട്ടറിയും പ്രസിഡന്റും ഒഴികെ ബാക്കി ഭരണസമിതി അംഗങ്ങൾക്കൊന്നും പ്രാതിനിദ്ധ്യമില്ലാത്ത ഗവേണിംഗ് ബോഡിയിൽ ആശുപത്രിയിലെ രണ്ട് മുതിർന്ന ഡോക്ടർമാരെ മാത്രമാണ് മറ്റ് അംഗങ്ങളായി നിർദ്ദേശിക്കുന്നത്

3. നിലവിൽ ആശുപത്രിയുടെ ചെയർമാനായ സെക്രട്ടറി പുതിയ കരട് ബൈലോ പ്രകാരം കേവലം ഗവേണിംഗ് ബോഡി അംഗം മാത്രമാണ്

4. നിലവിൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് ആശുപത്രിയുടെ ചെലവുകൾക്കാവശ്യമായ ചെക്കുകളിൽ ഒപ്പിട്ടിരുന്നത്

5. എന്നാൽ പുതിയ കരട് ബൈലോയിൽ ട്രഷററെ ആശുപത്രി ഗവേണിംഗ് ബോഡിയിൽ നിന്ന് പുറത്താക്കി

6. മെഡിക്കൽ ഡയറക്ടർ തയ്യാറാക്കുന്ന ബഡ്ജറ്റ് അംഗീകരിക്കുകയെന്ന അധികാരം മാത്രമേ ക്ഷേത്ര പൊതുഭരണസമിതിക്കുള്ളു

7. ഫലത്തിൽ ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശകളായ പൊതുഭരണ സമിതി അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ഭരണസമിതി വെറും നോക്കുകുത്തിയായി മാറുകയാണ്

ട്രഷറർ പദവി തരംതാഴ്ത്തി

പുതിയ കരട് ബൈലോ പ്രകാരം ക്ഷേത്രത്തിന്റെ ചെക്ക് ഒപ്പിടാനുള്ള അധികാരവും ട്രഷറർക്കില്ല. പരമ്പരാഗതമായി ധീവര സമുദായാംഗങ്ങൾ എത്തുന്ന ട്രഷറർ പദവിയെ കരട് ബൈലോ കേവലം ആലങ്കാരിക പദവിയാക്കി തരംതാഴ്ത്തിരിയിരിക്കുകയാണ്. ആശുപത്രിയിലെ നിയമനങ്ങൾ നടത്താനും സ്ഥാനക്കയറ്റം നൽകാനുമുള്ള അധികാരവും ഗവേണിംഗ് ബോഡിക്കാണ്. മെഡിക്കൽ ഡയറക്ടറുടെ കാലാവധി 70 വയസായി ഉയർത്തുകയും ചെയ്തു.

""

കരട് ബൈലോ അംഗീകരിക്കപ്പെട്ടാൽ ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും പൂർണമായും ഒരു പ്രത്യേക വിഭാഗത്തിന്റെ നിയന്ത്രണത്തിലാകും.

ക്ഷേത്ര ഭരണസമിതി അധികൃതർ