കരുനാഗപ്പള്ളി : കണ്ണനല്ലൂർ കൊല്ലൻവിള വീട്ടിൽ സുബൈദ കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് ഭർത്താവ് ഷാജഹാന് സർക്കാരിൽ നിന്ന് 50,000 രൂപ ധനസഹായം ലഭിച്ചിരുന്നു. ഇതിൽ നിന്ന് 13,000 രൂപ കടം വീട്ടി. ബാക്കിത്തുകയായ 37,000രൂപ കൊച്ചു മകളുടെ വിവാഹാവശ്യത്തിന് നൽകാൻ കെട്ടിയത്തേക്ക് ബസിൽ യാത്ര ചെയ്യവെ നഷ്ടമായി. സംഭവം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നഷ്ടപ്പെട്ട തുക സ്വരൂപിച്ച് ഷാജഹാന് നൽകി മാതൃകയായി. പുതിയകാവ് സ്നേഹ സ്വാന്തനം ഓഫീസിൽ നടന്ന ചടങ്ങിൽ സി.ആർ.മഹേഷ് എം.എൽ.എ തുക ഷാജഹാന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം യൂസഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കെ.എസ്.പുരം സുധീർ, റഹീം കരുനാഗപ്പള്ളി, നിസാർ ചോയ്സ്, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.