ochira

ഓച്ചിറ: തുടർച്ചയായുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട പന്മന വടക്കുംതല മല്ലയിൽ വീട്ടിൽ ഷറഫിന്റെ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനൊടുവിൽ മകന് ആശ്രിത നിയമനം ലഭിച്ചു.

ഷറഫിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി ജി. രാധാകൃഷ്ണന് മുന്നിലെത്തിയാണ് മിൽഹാൻ ഷറഫ് ക്ളാർക്കായി ജോലിയിൽ പ്രവേശിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ സീനിയർ ക്ലാർക്കായിരുന്ന ഷറഫിന്റെ ജീവിതം താളംതെറ്റിച്ചത് രണ്ട് വാഹനാപകടങ്ങളാണ്. പുലിയൂർ പഞ്ചായത്തിൽ ജോലിചെയ്യുമ്പോൾ 2006ലായിരുന്നു ആദ്യ അപകടം. സ്കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വലതുകാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു.

പിന്നീട് ട്രൈ സ്കൂട്ടറിലായി സഞ്ചാരം. ആറാട്ടുപുഴ പഞ്ചായത്തിൽ ജോലിചെയ്യുമ്പോൾ ട്രൈ സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇതോടെ കഴുത്തിന് താഴെ ചലനശേഷിയും സ്പർശന ശേഷിയും പൂർണമായി നഷ്ടമായി.

ചികിത്സയ്ക്ക് സമ്പാദ്യം മുഴുവൻ നഷ്ടമായി. 2016 ജനുവരി 31 വരെ അനുവദനീയമായ അവധിയിൽ തുടർന്നു. ജോലി ചെയ്യാനുള്ള ശേഷി ഇല്ലായ്മകാട്ടി വകുപ്പിന് കത്ത് നൽകിയതോടെ തദ്ദേശ സ്വയംഭരണ വകുപ്പ് ഷെറഫിന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു.

ഷറഫിന്റെ ദയനീയാവസ്ഥ മനസിലായതോടെ 2020 ജൂൺ 24 ന് നടന്ന മന്ത്രിസഭാ യോഗമാണ് ആശ്രിത നിയമന വ്യവസ്ഥകളിൽ ഇളവുകൾ നൽകി മിൽഹാന് ജോലി നൽകാൻ തീരുമാനിച്ചത്. അപേക്ഷ നൽകുന്നതിന് മുഖ്യമന്ത്രിയെ കാണാൻ ആംബുലൻസിലാണ് ഷറഫ് കൊല്ലം ഗസ്റ്റ് ഹൗസിൽ എത്തിയത്.

അന്ന് ഷറഫ് കിടന്നിരുന്ന ആംബുലൻസിന് സമീപമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിവേദനം സ്വീകരിച്ച വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഷറഫിന്റെ ദയനീയാവസ്ഥ വിവരിച്ച് 2019 സെപ്തംബർ 9നും കേരളകൗമുദി വാർത്ത നൽകിയിരുന്നു.