
തിരുവനന്തപുരം: കൊവിഡ് കാലത്ത് ബ്രിട്ടനിൽ ആതുരസേവനരംഗത്തെ സേവനങ്ങൾക്ക് മലയാളി ഡോക്ടർക്ക് പുരസ്കാരം. ഗായിക ചിത്രഅയ്യരുടെ സഹോദരിയും സി.പി.സി.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റുകളായിരുന്ന കൊല്ലം തഴവ വെങ്ങാട്ടമ്പള്ളിൽ ഡോ. ആർ.ഡി. അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളുമായ ഡോ. രമഅയ്യരാണ് (47) പുരസ്കാരത്തിന് അർഹയായത്.
രാജ്യത്തെ സാധാരണ ജനങ്ങൾക്കിടയിൽ കൊവിഡ് പ്രതിരോധത്തിലും രോഗി പരിപാലനത്തിലും ബോധവത്കരണത്തിലും കാട്ടിയ മികവ് പരിഗണിച്ചാണ് പുരസ്കാരം. മംഗലാപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി സ്ത്രീകളിലെ കാൻസറുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾക്കായി ആറുവർഷം മുമ്പാണ് ഡോ. രമ അയ്യർ ബ്രിട്ടണിലെത്തിയത്.
ബ്രിട്ടണിലെ ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റിയിലാണ് ഡോ. രമ കാൻസർ റിസർച്ചും ചികിത്സയും നടത്തുന്നത്. ക്വീൻ എലിസബത്ത് ക്വീൻ മദർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമയ്ക്ക് മുമ്പും ആരോഗ്യമേഖലയിലെ സേവനങ്ങൾ കണക്കിലെടുത്ത് എൻ.എച്ച്.എസ്, ജി.കെ.ടി സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. യു.കെയിലെ ഗില്ലിംഗ് ഹാമിലാണ് ഡോ. രമയുടെ താമസം. ബ്രിട്ടണിലെ മറ്രൊരു ആശുപത്രിയിൽ ഡോക്ടറായ മംഗലാപുരത്ത് സഹപാഠിയായിരുന്ന മലേഷ്യൻ പൗരനായ മുരളിയാണ് ഭർത്താവ്.