അഞ്ചൽ: അഞ്ചൽ ബൈപ്പാസിന്റെയും അഞ്ചൽ-ആയൂർ റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പി.എസ്. സുപാൽ എം.എൽ.എ അഞ്ചൽ ബ്ലോക്ക് ഓഫീസിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ തടസങ്ങളും നീക്കുന്നതിന് നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നൽകി. മുറിച്ച് മാറ്റേണ്ട മരങ്ങൾ റീ ടെൻഡർ ചെയ്ത് മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുണ്ടായ തടസങ്ങൾ നീക്കും. ആയൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അഞ്ചൽ ബൈപ്പാസ് നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നെങ്കിലും 17 പേർക്ക് വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുക കൈമാറണം. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പൂർത്തിയായെന്നും ഒരു മാസത്തിനകം ബന്ധപ്പെട്ടവർക്ക് തുക കൈമാറാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ഡെപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. അഞ്ചൽ ബൈപ്പാസ് നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഉളളതെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ റോയികുമാർ, പുനലൂർ ആർ.ഡി.ഒ. ശശികുമാർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീകുമാർ, കെ.എസ്.ഇ.ബി കേരള വാട്ടർ അതോറിറ്റി, സോഷ്യൽ ഫോറസ്ട്രി തുടങ്ങിയ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.