
കുന്നത്തൂർ: പരിസ്ഥിതി ദുർബല പ്രദേശമായ മുതുപിലാക്കാട് ഇടിഞ്ഞകുഴി പ്രദേശത്ത് പെട്രോൾ പമ്പ് നിർമ്മാണത്തിന്റെ മറവിൽ സർക്കാർ വഴി കൈയ്യേറി മണ്ണെടുപ്പ് നടത്തുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ മുതുപിലാക്കാട് കുടിവെള്ള പദ്ധതിക്ക് വിനാശം വരുന്ന തരത്തിലാണ് അധികൃതരുടെ ഒത്താശയോടെ മണ്ണെടുപ്പ് നടക്കുന്നത്. ഇതിനെതിരെ
നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സേനയുടെ നേതൃത്വത്തിൽ മൈനിംഗ് ആന്റ് ജിയോളജി അധികൃതർക്ക് പരാതി നൽകി.ശാസ്താംകോട്ട, പോരുവഴി വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഇടിഞ്ഞകുഴി പ്രദേശത്താണ് മണ്ണെടുപ്പ് നടക്കുന്നത്.
ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിന് മുന്നോടിയായി വികസന പെർമിറ്റ് നൽകിയത്.മതിയായ അന്വേഷണമില്ലാതെയും പഞ്ചായത്തിന്റെ തനത് ആസ്തി നഷ്ടപ്പെടുത്തുന്ന തരത്തിലും വിവിധ കോടതി വിധികളുടെ ലംഘനവുമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഉത്തരവ് കാറ്റിൽപ്പറത്തി
മണ്ണെടുക്കാൻ അനുമതി
ഒന്നര മീറ്റർ പൊക്കത്തിൽ മണ്ണെടുത്ത് മാറ്റണമെങ്കിൽ മൈനിംഗ് ആന്റ് ജീയോളജി, പരിസ്ഥിതി വകുപ്പുകൾ നേരിട്ട് കണ്ട് അനുമതി നൽകിയാൽ മാത്രമേ സെക്രട്ടറിക്കും അനുമതി നൽകാൻ കഴിയുകയുള്ളു. ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപം നാലര മീറ്റർ വീതിയിലും 70 മീറ്റർ നീളവുമുള്ള പഞ്ചായത്ത് ഉടമസ്ഥതയിലുള്ള വസ്തുവിലെ കൂടി മണ്ണെടുത്ത് മാറ്റാനാണ് പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്.
മുതുപിലാക്കാട് കുടിവെള്ള പദ്ധതിയുടെ വൃഷ്ടിപ്രദേശം കൂടിയാണ് ഇവിടം.ഇവിടെ നിന്ന് മണ്ണെടുക്കരുതെന്ന് ശാസ്താംകോട്ട കോടതിയുടെ ഉത്തരവുണ്ട്. എ.ഡി.എം അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പരസ്ഥിതി ദുർബല പ്രദേശമായ ഇവിടെ നിന്ന് മണ്ണെടുക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ശാസ്താംകോട്ട പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയതെന്ന് ആക്ഷേപമുണ്ട്.