
കൊല്ലം: കൊവിഡ് പ്രതിരോധത്തിന് ഒന്നാം ലോക്ക് ഡൗണോടെ നിറുത്തിവച്ച കൊല്ലം - ആലപ്പുഴ ടൂറിസ്റ്റ് ബോട്ട് സർവീസുകൾ പുനരാരംഭിച്ചില്ല. മൂന്നാം വ്യാപനത്തിനിടയിലും ആലപ്പുഴയിലും കൊല്ലത്തും ടൂറിസ്റ്റ് ബോട്ട് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
എന്നാൽ വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന കൊല്ലം - ആലപ്പുഴ ബോട്ട് സർവീസ് പുനരാരംഭിക്കുന്നത് നീളുകയാണ്. കൊല്ലം - ആലപ്പുഴ റൂട്ടിൽ രണ്ട് ടൂറിസ്റ്റ് ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്. കൊല്ലത്ത് നിന്നുള്ള ബോട്ട് രാവിലെ 10.30ന് യാത്ര പുറപ്പെട്ട് വൈകിട്ട് 6.30ന് ആലപ്പുഴയിൽ എത്തിച്ചേരും.
അതേദിവസം തന്നെ രാവിലെ 10.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന രണ്ടാമത്തെ ബോട്ട് വൈകിട്ട് 6.30ന് കൊല്ലത്ത് എത്തിച്ചേരുന്ന തരത്തിലായിരുന്നു സർവീസ്. സാധാരണ ദിവസങ്ങളിൽ ശരാശരി 25000 രൂപ വരെ വരുമാനം ഉണ്ടായിരുന്നു. നവംബർ മുതൽ മേയ് അവസാനം വരെയുള്ള ടൂറിസ്റ്റ് സീസണിൽ വരുമാനം കൂടുതൽ ഉയരും.
രണ്ട് നില ബോട്ടിൽ യാത്രക്കാർക്ക് കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉണ്ടായിരുന്നു. ഉയർന്ന നിലവാരത്തിലുള്ള സീറ്റുകൾക്ക് പുറമേ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായിരുന്നു. സർവീസ് പുനരാരംഭിക്കാത്തത് ജലഗതാഗത വകുപ്പിന്റെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
ആലപ്പുഴ യാർഡിൽ വിശ്രമത്തിൽ
1. രണ്ട് ബോട്ടുകളും ജലഗതാഗത വകുപ്പിന്റെ ആലപ്പുഴയിലെ യാർഡിൽ വിശ്രമത്തിൽ
2. സ്വകാര്യ ഹൗസ് ബോട്ടുകളെ സഹായിക്കാനാണ് സർവീസ് അവഗണിക്കുന്നതെന്ന് ആരോപണം
3. ഏറെക്കാലം സർവീസ് മുടങ്ങിയതോടെ ബോട്ട് ചാലിൽ ചെളി അടിഞ്ഞ് മൺകൂനകൾ രൂപപ്പെട്ടു
4. ഇവ നീക്കം ചെയ്താലേ വീണ്ടും സർവീസ് പുനരാരംഭിക്കാൻ സാധിക്കൂ
ടിക്കറ്റ് ചാർജ് ₹ 600
""
ബോട്ട് കടന്നുപോകുന്ന ചാൽ ഡ്രഡ്ജ് ചെയ്ത് തെളിക്കാത്തതിനാലാണ് സർവീസ് വൈകുന്നത്.
ജലഗതാഗത വകുപ്പ് അധികൃതർ