
കൊട്ടാരക്കര: കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. മുനിസിപ്പൽ മേഖലയിൽ ഇടതുമുന്നണിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കേരള കോൺഗ്രസ്(ബി)യുടെ ആലോചന ജില്ലാ പ്രസിഡന്റും നഗരസഭ ചെയർമാനുമായ എ.ഷാജു കഴിഞ്ഞദിവസം പരസ്യമായി പറയുകയും ചെയ്തു. എന്നിട്ടും അനുനയത്തിന് തയ്യാറാകാതെ സി.പി.ഐ മണ്ഡലം നേതൃത്വം കേരളകോൺഗ്രസ് (ബി)യ്ക്കും ഷാജുവിനും എതിരെ കർശന നിലപാട് തുടരുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്.
സംസ്ഥാന തലത്തിൽ ഇടത് മുന്നണിയുടെ ഭാഗമാണെങ്കിലും കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കാത്തതിന്റെ പ്രതിഷേധം കേരള കോൺഗ്രസി (ബി)യിൽ പുകയുകയായിരുന്നു. രണ്ടര വർഷത്തിന് ശേഷം ഗണേശിനെ മന്ത്രിയാക്കാമെന്ന വാക്കാലുള്ള ധാരണ നടപ്പാകില്ലെന്നും ആശങ്കയുണ്ട്. സഹോദരി ഉഷാ മോഹൻദാസ് കേരള കോൺഗ്രസിന് സമാന്തര കമ്മിറ്റിയുണ്ടാക്കി പ്രവർത്തനം തുടങ്ങിയതോടെയാണ് ഗണേശിന്റെ മന്ത്രി മോഹത്തിന് വിള്ളൽ വീണത്. കേരള കോൺഗ്രസിന്റെ തട്ടകമായ കൊട്ടാരക്കരയിൽ നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിന് നൽകിയിരുന്നു. എന്നാൽ, പുതിയ പദ്ധതികൾ നടപ്പാക്കാൻ ഇടത് നേതൃത്വം നഗരസഭ ചെയർമാനെ അനുവദിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മരം മുറി വിവാദവും റോഡ് നിർമ്മാണം തടസപ്പെടുത്തിയതും ഇടത് മുന്നണിയിലെ ചിലരുടെ ഒത്താശയോടെയാണെന്ന് കേരള കോൺഗ്രസിൽ ആക്ഷേപമുണ്ട്. ഇപ്പോൾ നിലം നികത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സി.പി.ഐയും കേരള കോൺഗ്രസും നേർക്ക് നേർ പരസ്യ നിലപാടുകളുമായി നിൽക്കുന്നത്. അതേസമയം സി.പി.എം നിശബ്ദത പാലിക്കുകയാണ്.
മുമ്പ് പല ഇടത് മുന്നണി യോഗത്തിൽ നഗരസഭ ചെയർമാൻ എ.ഷാജു മാപ്പുപറഞ്ഞാണ് വിവാദങ്ങൾ അവസാനിപ്പിച്ചതെന്നും ഇനി അതിന് അവസരം നൽകേണ്ടതില്ലെന്നുമാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. സി.പി.ഐയുടെ പ്രതിനിധിയാണ് ഇടത് മുന്നണി കൺവീനർ. ഇത്തരം വിവാദങ്ങളുണ്ടായിട്ടും ഇടത് മുന്നണി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിട്ടില്ല. നഗരസഭയിൽ സി.പി.ഐയേക്കാൾ അംഗബലം കേരള കോൺഗ്രസിനുണ്ട്. കോൺഗ്രസിലെ ചിലരുടെ പിന്തുണയും ഷാജുവിനുണ്ട്.
അഴിമതിക്കാരെ
സംരക്ഷിക്കേണ്ടതില്ല: സി.പി.ഐ
മുന്നണി മര്യാദകൾ എക്കാലത്തും ലംഘിച്ചിട്ടുള്ള പാരമ്പര്യമാണ് കേരള കോൺഗ്രസിനുള്ളതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ്.ഷാജി പ്രസ്താവനയിൽ ആരോപിച്ചു. വാർത്തകളിൽ നിറഞ്ഞുനിൽക്കാനും ജനങ്ങളെ കബളിപ്പിക്കാനും നടത്തുന്ന നാടകങ്ങൾ ജനം തിരിച്ചറിയും. ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ നിലപാടുമായി സി.പി.ഐ മുന്നോട്ടുതന്നെ പോകും. കുലശേഖരനല്ലൂർ ഏലായിൽ നിലംനികത്താൻ കൂട്ടുനിന്നത് ഏത് എൽ.ഡി.എഫ് കൗൺസിലറാണെന്ന് നഗരസഭ ചെയർമാൻ പരസ്യമായി വ്യക്തമാക്കണം. കൊട്ടാരക്കരയിൽ ബി.ജെ.പി- സി.പി.ഐ അവിശുദ്ധ സഖ്യം എന്ന നിലയിലുള്ള ഷാജുവിന്റെ പ്രസ്താവന അപലപനീയമാണ്. നഗരസഭ ചെയർമാന്റെ നിലപാടുകൾ മുന്നണിക്ക് ദോഷമാണ്. അഴിമതിക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സി.പി.ഐയ്ക്കില്ലെന്നും എ.എസ്.ഷാജി പറഞ്ഞു.