കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും പരിസരത്തും അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിന് അകത്തും പ്രവേശന കവാടത്തിലുമൊക്കെ ബൈക്കുകൾ പാർക്ക് ചെയ്യുന്ന രീതി തുടർന്ന് വരികയായിരുന്നു. ആഴ്ചകൾക്ക് മുൻപേ പാർക്ക് ചെയ്ത ബൈക്കുകളുമുണ്ട്. ഇവിടെ പാർക്ക് ചെയ്തിട്ടുള്ള ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നുവെന്ന പരാതികളും ഉണ്ടായിരുന്നു. മാലപൊട്ടിക്കലിനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഇത്തരം ബൈക്കുകൾ ഉപയോഗിക്കുന്നെന്നാണ് പൊലീസ് പറയുന്നത്. ദീർഘദൂര യാത്രകൾക്ക് പോകുന്നവരും ഓഫീസുകളിൽ പോകുന്നവരുമൊക്കെ സ്റ്റാൻഡിലും പരിസരത്തും ഇരുചക്ര വാഹനങ്ങൾ വച്ചിട്ട് പോകുന്നത് സ്റ്റാൻഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. തുടർന്നാണ് പൊലീസ് നടപടി കൈക്കൊണ്ടത്. ഇരുപതിൽപരം വാഹനങ്ങൾ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തു.