
പുനലൂർ: കൊല്ലം-ചെങ്കോട്ട റൂട്ടിൽ, ട്രെയിൻ യാത്രക്കാരിയും അംഗപരിമിതയുമായ വനിതാ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. എറണാകുളം സ്വദേശിയും തെങ്കാശിക്ക് സമീപത്തെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററുമായ ലക്ഷ്മിയുടെ ഒന്നര പവനും പണവുമാണ് കവർന്നത്.
ഇന്നലെ ഉച്ചയോടെ തെന്മലയ്ക്ക് സമീപത്തായിരുന്നു സംഭവം. തെങ്കാശിയിൽ നിന്ന് എറണാകുളത്തെ വീട്ടിലേക്ക് ട്രെയിനിൽ പോകുന്നതിനിടെയായിരുന്നു അക്രമണം. ട്രെയിൻ തെന്മല സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ഇറങ്ങിയതോടെ ലക്ഷ്മി സഞ്ചരിച്ചിരുന്ന ബോഗി കാലിയായി. തുടർന്ന് തെന്മലയ്ക്ക് പടിഞ്ഞാറു ഭാഗത്തെ ടണലിൽ ട്രെയിൻ എത്തിയപ്പോൾ അടുത്ത കമ്പാർട്ട് മെന്റിലിരുന്ന യുവാവ് ലക്ഷ്മിക്ക് സമീപമെത്തി കത്തി കാണിച്ച് ഭീക്ഷണിപ്പെടുത്തി. തുടർന്ന് യുവതിയെ തള്ളിയിട്ട് പേഴ്സിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവരുകയായിരുന്നു. ട്രെയിനിൽ ഇടമണിൽ എത്തിയപ്പോൾ യുവാവ് ചാടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് റെയിൽവേ പൊലീസും തെന്മല പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റ യുവതിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.