അലൈൻമെന്റിന് സ്ഥലപരിശോധന അടുത്തയാഴ്ച
കൊല്ലം: ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയപാത 183 എ യുടെ ഭാഗമായി വികസിപ്പിക്കുന്ന ഭരണിക്കാവ് - ചവറ ടൈറ്റാനിയം റോഡിന്റെ അലൈൻമെന്റിന് അന്തിമരൂപം നൽകാനും പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനും അടുത്തയാഴ്ച സ്ഥലപരിശോധന നടക്കും.
കൺസൾട്ടന്റ് ഏജൻസിയായ കിറ്റ്കോയും ദേശീയപാത ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുക. പാതയെ ദേശീയപാത 66 മായി ബന്ധിപ്പിക്കുന്നതാണ് പുതിയ അലൈൻമെന്റ്.
ഭരണിക്കാവിൽ നിന്ന് ആരംഭിച്ച് ശാസ്താംകോട്ട, കാരാളിമുക്ക്, പടപ്പനാൽ, ചേനങ്കരമുക്ക്, പുത്തൻചന്ത വഴി ചവറ ടൈറ്റാനിയത്തിൽ എത്തിയാണ് ദേശീയപാത 66 മായി ബന്ധിപ്പിക്കുന്നത്.
ഭൂമി ലഭ്യത അനുസരിച്ച് നാലുവരിപ്പാത (30-45 മീറ്റർ) വേണോ രണ്ടുവരിപ്പാത (15-16 മീറ്റർ) മതിയോ എന്ന് തീരുമാനിക്കും. ദേശീയപാതയ്ക്കായി തയ്യാറാക്കിയ അലൈൻമെന്റിൽ ഭേദഗതി വരുത്തുന്നതിന് ദേശീയപാത ഉദ്യോഗസ്ഥരും കൺസൾട്ടൻസി ഏജൻസിയും ഭരണിക്കാവ് മുതൽ പത്തനംതിട്ട ജില്ലയിലെ കണമല വരെ സ്ഥല പരിശോധന നടത്തി. ജനപ്രതിനിധികളുടെ യോഗം വീണ്ടും ചേർന്നശേഷം അലൈൻമെന്റ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് കൈമാറും.
ദേശീയപാതയുടെ ലിങ്ക് റോഡായി വികസനം
1. കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വികസിപ്പിക്കുന്നത്
2. ചവറ ടൈറ്റാനിയത്ത് നിന്ന് ആരംഭിച്ച് പത്തനംതിട്ട, എരുമേലി വഴി മുണ്ടക്കയത്തെത്തി തേനി പാതയുമായി സംഗമിക്കും
3. ഭരണിക്കാവ് മുതൽ ടൈറ്റാനിയം വരെ 17 കിലോമീറ്റർ ദൂരം ദേശീയപാതയുടെ ലിങ്ക് റോഡായി വികസിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നു
4. പത്തനംതിട്ട ഇലവുങ്കലിൽ നിന്ന് പമ്പ വരെ 21.6 കിലോമീറ്റർ ദൂരം ലിങ്ക് റോഡും പദ്ധതിയിലുണ്ട്
എൻ.എച്ച് 183 എ: 119.2 കിലോ മീറ്റർ
ഭരണിക്കാവ് - ടൈറ്റാനിയം ലിങ്ക് റോഡ്: 17 കിലോ മീറ്റർ
ഇലവുങ്കൽ - പമ്പ ലിങ്ക് റോഡ്: 21.6 കിലോ മീറ്റർ
""
നിർമ്മാണച്ചെലവ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി വഹിക്കും. ദേശീയപാത 66നെ ശബരിമലയുമായി ബന്ധിപ്പിക്കുന്നുവെന്ന പ്രത്യേകതയും ദേശീയപാതയ്ക്കുണ്ട്.
ദേശീയപാത അധികൃതർ