ship

കൊല്ലം: ഒറ്റ വരവിൽ നിലച്ച കൊച്ചി - കൊല്ലം ചരക്ക് സർവീസ് പുനരാരംഭിക്കാൻ തുറമുഖ വകുപ്പ് കൊല്ലം കേന്ദ്രീകരിച്ച് വീണ്ടും ട്രേഡ് മീറ്റ് സംഘടിപ്പിക്കുന്നു. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച ട്രേഡ് മീറ്റിൽ പങ്കെടുത്തവരാരും തുടർന്ന് സഹകരിക്കാത്ത സാഹചര്യത്തിലാണ് കൊല്ലത്ത് നിന്നുള്ള കയറ്റുമതിക്കാരുടെ യോഗം വീണ്ടും വിളിക്കുന്നത്.

കൊച്ചി, അഴീക്കൽ, ബേപ്പൂർ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിലുള്ള ഗ്രീൻ ഫ്രെയിറ്റ് കോറിഡോർ സർവീസിന്റെ ഭാഗമായി കഴിഞ്ഞ സെപ്തംബർ 18നാണ് കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് ആദ്യമായി കപ്പൽ എത്തിയത്. ആദ്യഘട്ടമെന്നോണം മാസത്തിൽ ഒരു തവണയും പിന്നീട് ആഴ്ചതോറും കപ്പലെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ട് ദിവസത്തിനു ശേഷം കപ്പൽ മടങ്ങിയെങ്കിലും പിന്നീട് വന്നില്ല. രണ്ടാഴ്ച മുമ്പ് കപ്പൽ എത്തുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും മുടങ്ങി. ആദ്യമെത്തിയ ചരക്ക് കപ്പൽ മടക്കച്ചരക്ക് ലഭിക്കാതെയാണ് മടങ്ങിയത്. കഴിഞ്ഞയാഴ്ച എഫ്.സി.ഐയുടെ ഭക്ഷ്യധാന്യങ്ങളുമായി എത്തുമെന്ന് അറിയിച്ചിരുന്ന കപ്പലിനും മടക്ക ചരക്ക് ലഭിച്ചിരുന്നില്ല.

സർവീസ് ഓപ്പറേറ്റ് ചെയ്യുന്ന സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിലാണ് ചരക്ക് സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന് പരാതിയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കൊല്ലത്തെയും സമീപജില്ലകളിലെയും സഹകരണം ഉറപ്പാക്കാൻ വീണ്ടും ട്രേഡ് മീറ്റ് വിളിക്കുന്നത്.

ഇൻസെന്റീവ് കാലാവധി നീട്ടി

1. ചരക്ക് കപ്പൽ സർവീസിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

2. കൊച്ചിയിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരുന്ന 20 അടി കണ്ടെയ്നറിന് 10,200 രൂപയും 40 അടി കണ്ടെയ്നറിന് 13,259 രൂപ വീതവുമാണ് ഇൻസെന്റീവ്

3. കൊല്ലത്തേക്ക് ചരക്ക് കപ്പലുകൾ എത്താത്തത് ഇൻസെന്റീവ് പ്രയോജനപ്പെടുത്തി വളരാനുള കൊല്ലം തുറമുഖത്തിന്റെ സാദ്ധ്യതകൾക്കും തടസമാവുന്നു

'' ''

റിട്ടേൺ കാർഗോ കിട്ടാത്തതാണ് കൊല്ലം - കൊച്ചി ചരക്ക് കപ്പൽ സർവീസ് മുടങ്ങാനുള്ള ഒരു കാരണം. ഇതു പരിഹരിക്കാൻ ഉടൻ വീണ്ടും ട്രേഡ് മീറ്റ് വിളിക്കും. എമിഗ്രേഷൻ പോയിന്റിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനും നിർദ്ദേശം നൽകി.

അഹമ്മദ് ദേവർകോവിൽ

തുറമുഖ വകുപ്പ് മന്ത്രി