
കൊല്ലം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സ്കീം സ്കോളർഷിപ്പിന് 2022-23 അദ്ധ്യയന വർഷത്തിലേക്കുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു.
2021-22 അദ്ധ്യയന വർഷത്തിൽ നാലാം ക്ലാസിൽ പഠിക്കുന്ന ജില്ലയിലെ പട്ടിക വർഗ വിദ്യാർത്ഥികൾക്കായി 12ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാലുവരെയാണ് പരീക്ഷ. വാർഷിക കുടുംബ വരുമാനം 50000 രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രത്യേക ദുർബല ഗോത്രവർഗ്ഗത്തിൽ പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനോപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷൻ നൽകുന്നതിനുമുള്ള ധനസഹായവും പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പെന്റും ലഭിക്കും.
വിദ്യാർത്ഥികൾ, പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, ആൺകുട്ടിയോ പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്കൂൾ മേധാവിയുടെ സാക്ഷ്യപെടുത്തൽ സഹിതം പുനലൂരിലെ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നൽകണം. ആലപ്പുഴ, കുളത്തൂപ്പുഴ എക്സ്റ്റൻഷൻ ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. അവസാന തീയതി 21. അപേക്ഷയോടൊപ്പം ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. ഫോൺ: 0475 2222353.