
കൊല്ലം: പനയം ചിറ്റയത്ത് പതിനഞ്ചുകാരി വീടിനു പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ. ചിറ്റയം മുണ്ടയ്ക്കൽ പള്ളിക്ക് തെക്ക് സണ്ണിഭവനിൽ എഡിസൺ ജോൺ - ഹേമ ദമ്പതികളുടെ മകൾ ഹന്ന എഡിസണിനെയാണ് ഇന്നലെ രാവിലെ ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലുള്ള മാനസിക സമർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. വീട്ടിൽ വളർത്തിയിരുന്ന നായക്കുട്ടിയെ ഉപേക്ഷിച്ചതിൽ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായും പിതാവ് പൊലീസിന് മൊഴി നൽകി.
പൊലീസ് പറയുന്നത്: ഇളയ സഹോദരി അനന്യയും ഹന്നയും ഒരേമുറിയിലായിരുന്നു ഉറക്കം. ഇന്നലെ രാവിലെ ആറോടെ ഹന്ന അലാറം വച്ചുണർന്ന് പുറത്തേക്കിറങ്ങി. പതിവായി പുലർച്ചെ ഉണർന്ന് വീടിന് പിന്നിലിരുന്ന് പഠിക്കുന്ന പതിവുള്ളതിനാൽ വീട്ടുകാർക്ക് മറ്റു സംശയങ്ങൾ തോന്നിയിരുന്നില്ല.
ആറരയോടെ ഹേമ പുറത്തേക്കിറങ്ങിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. നിലവിളി കേട്ട് പിതാവും അയൽവാസിയായ സജീവും ഓടിയെത്തി വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചിറ്റയം സെന്റ് ചാൾസ് ബെറോമിയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഹന്ന. സ്കൂളിൽ നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമം ഹന്നയ്ക്കുണ്ടായിരുന്നതായി സഹപാഠികൾ പൊലീസിനോട് പറഞ്ഞു. ഹന്ന ഒരു നായക്കുട്ടിയെ വീട്ടിൽ ഓമനിച്ച് വളർത്തിയിരുന്നു. രോമവും മറ്റും ഹന്നയുടെ അമ്മയ്ക്ക് അലർജിയുണ്ടാക്കിയതിനെ തുടർന്ന് അതിനെ കഴിഞ്ഞ ദിവസം പിതാവ് വീടിനകലെ ഉപേക്ഷിച്ചിരുന്നു. സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വിവരമറിഞ്ഞ ഹന്ന വിഷമത്തിലായെന്നും പിതാവ് പൊലീസിന് മൊഴി നൽകി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് തലവഴി ഒഴിച്ച് തീ കൊളുത്തിയത്. മണ്ണെണ്ണ കന്നാസ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തു. കുട്ടിയുടെ നിലവിളി ഉയരാഞ്ഞത് ആദ്യം തലഭാഗത്ത് തീപിടിച്ചതിനാലാകാമെന്നാണ് പൊലീസ് അനുമാനം. അഞ്ചാലുംമൂട് പൊലീസ് മേൽ നടപടി സ്വീകരിച്ചു.