കരുനാഗപ്പള്ളി : കോടതി സമുച്ചയം താലൂക്ക് ആസ്ഥാനമായ കരുനാഗപ്പള്ളിയിൽ തന്നെ സ്ഥാപിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോടതി സമുച്ചയം നിർമ്മിക്കുന്നതിനായി കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത സ്ഥലം വിട്ടു നൽകാൻ കൗൺസിൽ സന്നദ്ധത അറിയിച്ചു. ഇക്കാര്യം ജില്ലാ ജഡ്ജിയെ രേഖാമൂലം അറിയിക്കാനും തീരുമാനമായി.

കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവ ദേശീയപാത വികസനത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഒരുഭാഗം പൊളിച്ചു നീക്കുന്നതോടെ മാറ്റി സ്ഥാപിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് കോടതി സമുച്ചയം സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നൽകുന്നതിനുള്ള നടപടികൾ നഗരസഭ അടിയന്തരമായി തുടങ്ങിയത്.