ഉദ്ഘാടനം 10ന്
കൊല്ലം: കുളക്കട ഗ്രാമത്തിന്റെ അക്ഷരവെളിച്ചമായ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ദുരിതകാലം കഴിഞ്ഞു, ചോർന്നൊലിക്കുന്ന പഴയ കെട്ടിടത്തിന്റെ പരിമിതികളിൽ നിന്ന് ഇനി ഹൈടെക് ബഹുനില മന്ദിരത്തിലേക്ക് പ്രവർത്തനം മാറും. പഠന നിലവാരത്തിലും വിജയശതമാനത്തിലും ജില്ലയിൽത്തന്നെ പ്രമുഖ സ്ഥാനത്തുള്ള വിദ്യാലയം ഇനി മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ള വിദ്യാലയമെന്ന ഖ്യാതിയിലേക്ക് മാറുകയാണ്. ചെറിയ ഒരു മഴ പെയ്താൽപോലും ചോർന്നൊലിക്കുന്ന പഴഞ്ചൻ കെട്ടിടത്തിൽ ആകെക്കൂടി നാണക്കേടിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. ചോർന്നൊലിക്കുന്ന കെട്ടിടത്തിന് മുകളിൽ ടാർപ്പാളിൻ ഷീറ്റിട്ട് മഴമറയൊരുക്കി അദ്ധ്യായനം നടത്തേണ്ട ഗതികേടുമുണ്ടായിരുന്നു. ഓഫീസിനും ലാബിനുമൊക്കെ ഈ കഷ്ടകാലമുണ്ടായിരുന്നുവെങ്കിലും ഇനി അതൊക്കെ പഴങ്കഥയാകും.
2.5 കോടിയുടെ
കെട്ടിട സമുച്ചയം
നബാർഡ് ഫണ്ടും വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിന്റെ 27.5 ലക്ഷം രൂപയും ചേർന്ന രണ്ടര കോടി രൂപ ചെലവിട്ടാണ് കെട്ടിടം പൂർത്തിയാക്കിയത്. 13,450 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളുള്ള കെട്ടിടമാണ് നിർമ്മിച്ചത്. അഞ്ച് ക്ളാസ് മുറികൾ, അഞ്ച് ലാബുകൾ, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയടങ്ങുന്നതാണ് കെട്ടിടം.
ഉദ്ഘാടനം
മുഖ്യമന്ത്രി
സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 10ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓൺലൈനിലാണ് ഉദ്ഘാടനം. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, ജില്ലാ-ബ്ളോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.