കൊല്ലം: സുഹൃത്തിന്റെ ആവശ്യത്തിന് പണയം വയ്ക്കാൻ നൽകിയ വസ്തുവിന്റെ ആധാരം മറ്റൊരുടെ പേരിൽ രജിസ്റ്റർ ചെയ്ത്, തന്നെയും കുടുംബത്തെയും കബളിപ്പിച്ച് 65 സെന്റ് തട്ടിയെടുത്തെന്ന് യുവാവിന്റെ പരാതി. കൊറ്റങ്കര പറങ്കാവിള വീട്ടിൽ ഭാർഗവന്റെ മകൻ രാജനാണ് വാർത്താസമ്മേളനത്തിൽ തട്ടിപ്പ് വിവരിച്ചത്.
അയൽവാസിയും സുഹൃത്തുമായ ചന്ദനത്തോപ്പ് സ്വദേശി 2018 ഒക്ടോബറിൽ ഇയാളുടെ സുഹൃത്ത് സ്വർണ്ണക്കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സഹായിക്കാൻ പണം ആവശ്യപ്പെട്ടിരുന്നു. പണം കൈവശമില്ലാത്തതിനാൽ തന്റേയും മാതാപിതാക്കളുടേയും പേരിലുള്ള വസ്തു പണയപ്പെടുത്തിക്കൊള്ളാൻ പറഞ്ഞു. ബാങ്കിൽ ഈട് നൽകാൻ ആധാരം കൈമാറുകയും ഇതിന്റെ ആവശ്യത്തിലേക്കെന്ന് വിശ്വസിപ്പിച്ച് തങ്ങളെക്കൊണ്ട് കിളികൊല്ലൂർ രജിസ്റ്റർ ഓഫീസിൽവച്ച് രേഖകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. ആറുമാസത്തിനകം വായ്പ അടച്ച് ആധാരം തിരികെ നൽകാമെന്ന ഉറപ്പിലാണ് രേഖകൾ ഒപ്പിട്ടു നൽകിയത്. എന്നാൽ രണ്ടര വർഷത്തിനു ശേഷം വസ്തുവിൽ നിർമ്മാണങ്ങൾ ആരംഭിച്ചപ്പോഴാണ് കബളിപ്പെട്ടതായി തിരിച്ചറിഞ്ഞത്. പണയപ്പെടുത്തുന്നുവെന്ന പേരിൽ വസ്തു ഇവർ കൈമാറ്റം ചെയ്ത് കബളിപ്പിക്കുകയാരുന്നുവെന്ന് രാജൻ പറഞ്ഞു. കൂടുതൽ അന്വേഷിച്ചപ്പോൾ തങ്ങൾ നൽകിയ ആധാരം ദുരുപയോഗം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്ക് വിലയാധാരം എഴുതി നൽകിയതായും ഇയാൾ മറ്റ് ഒൻപത് പേരിലേക്ക് മാറ്റി രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. ഇവർക്കെതിരേ കൊല്ലം സബ് കോടതിയിൽ സ്വകാര്യഅന്യായം ഫയൽ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മനുഷ്യാവകാശ കമ്മഷനും വനിതാ കമ്മിഷനിലും പരാതി നൽകിയെന്നും രാജൻ പറഞ്ഞു. കുണ്ടറ പൊലിസിൽ നൽകിയ പരാതിയിൽ സുഹൃത്തും തിരുവനന്തപുരം സ്വദേശി ഡോക്ടറും ഉൾപ്പെടെ 13 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.