t

കൊല്ലം: വിജ്ഞാനം പകരുന്ന സന്ദേശങ്ങളും കൊവിഡ് ജാഗ്രതാ മുന്നറിയിപ്പും വിനോദത്തിലൂടെ ജനങ്ങളിലേക്കും കുട്ടികളിലേക്കും പകരാൻ ആശ്രാമത്തെ കുട്ടികളുടെ പാർക്കിൽ സ്ഥിരം മാജിക് വേദി ഒരുക്കുന്നു. ഒരുവർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന.

ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ നടപ്പാക്കുന്ന വികസനം സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.

കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരിപാടി നടത്തുക. ബോട്ടിംഗ് ആസ്വാദ്യകരമാക്കാനുള്ള നടപടികളും സ്വീകരിക്കും. കന്നേ​റ്റി, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലെ ഡി.ടി.പി.സി സഫാരി ബോട്ടുകൾക്ക് പുതിയ എൻജിൻ വാങ്ങും. ഹൗസ് ബോട്ടുകളുടെ അ​റ്റകു​റ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാനും ജീവനക്കാരുടെ ശമ്പള വർദ്ധനവിനും അനുമതി നൽകിയിട്ടുണ്ട്. ആശ്രാമം അഡ്വഞ്ചർ പാർക്കിന്റെ നവീകരണത്തിനും ടൂറിസം മേഖലയിൽ പുതുപദ്ധതികൾ നടപ്പാക്കുമെന്ന് ഡി.ടി.പി.സി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അഫ്‌സാന പർവീൺ പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി. മുരളീധരൻ, എ.കെ. സവാദ്, സെക്രട്ടറി ഡോ. രമ്യ ആർ. കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.