 
കൊല്ലം: ചവറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിലെ 13 ക്ലാസ് മുറികളിലേക്ക് ആവശ്യമായ ബഞ്ച്, ഡെസ്ക്, മേശ എന്നിവ വാങ്ങിനൽകി ചവറ കെ.എം.എം.എൽ. ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയജിത്ത് അദ്ധ്യക്ഷനായി.
സി.എസ്.ആർ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഫർണിച്ചറുകൾ വാങ്ങി നൽകിയത്. ചവറ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനും കുടിവെള്ള വിതരണത്തിനും പുറമെ ആരോഗ്യ മേഖലയ്ക്ക് ഓക്സിജൻ നൽകുന്നതുമൊക്കെ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണെന്ന് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിൽ ചികിത്സയ്ക്കായി 24 മണിക്കൂറും ഓക്‌സിജൻ ലഭ്യമാക്കി 854 ബെഡുകൾ സ്‌കൂളിലും ഗ്രൗണ്ടിലുമായി കെ.എം.എം.എൽ സജ്ജീകരിച്ച് മാതൃകയായിരുന്നു.
ചടങ്ങിൽ സ്‌കൂൾ അധികൃതർ, കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർക്ക് ഉപഹാരം നൽകി ആദരിച്ചു. എസ്.എം.സി ചെയർമാൻ വല്ലഭൻ, എം.പി.ടി.എ പ്രസിഡന്റ് ദീപ, കെ.എം.എം.എൽ വെൽഫയർ മാനേജർ എ.എം. സിയാദ്, പബ്ലിക് റിലേഷൻ ഓഫീസർ പി.കെ. ഷബീർ, അദ്ധ്യാപക പ്രതിനിധി ജോയി, സ്റ്റാഫ് സെക്രട്ടറി സബിത തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ അർച്ചന സ്വാഗതവും പ്രഥമാദ്ധ്യാപിക കെ.എൽ. സ്മിത നന്ദിയും പറഞ്ഞു.