
കൊല്ലം: ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയ്ക്കുള്ള സംസ്ഥാന ആരോഗ്യവകുപ്പിന്റെ കായകൽപ്പ് പുരസ്കാരം ജില്ലാ ആശുപത്രിക്ക് ലഭിച്ചു. 92.75 സ്കോർ നേടി എറണാകുളം ജനറൽ ആശുപത്രിക്കൊപ്പമാണ് കൊല്ലം ജില്ലാ ആശുപത്രി ഒന്നാം സ്ഥാനം പങ്കിട്ടത്. 50 ലക്ഷം രൂപയാണ് അവാർഡ് തുക. ഈ തുക ഇരു സ്ഥാപനങ്ങൾക്കും തുല്യമായി പങ്കിട്ടുലഭിക്കും.
അവാർഡിനായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടന്നത്. പൊട്ടിയൊലിച്ച് കിടന്ന സേഫ്ടി ടാങ്കുകൾ മാലിന്യം നീക്കി വൃത്തിയാക്കി. അവിടെയെല്ലാം ചെടികൾ വച്ചുപിടിപ്പിച്ചു. റോഡുകൾ ഇന്റർലോക്കിട്ടു. മാലിന്യ സംസ്കരണത്തിന് പദ്ധതി ആവിഷ്കരിച്ചു. തിയേറ്ററുകൾ നവീകരിച്ച് അണുവിമുക്തമാക്കി. ആശുപത്രി ഏറെക്കാലം കൊവിഡ് സെന്ററായിരുന്നപ്പോൾ വരുമാനം ഇടിഞ്ഞിരുന്നു. ഇതോടെ ജീവനക്കാർ സ്വന്തം കൈയിൽ നിന്ന് പണം ചെലവാക്കിയാണ് വലിയൊരുഭാഗം നവീകരണ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അങ്ങനെ കഴിഞ്ഞതവണ കൈവിട്ടു പോയ ഒന്നാം സ്ഥാനം ഇത്തവണ കൈപ്പിടിയിലാക്കുകയായിരുന്നു. 2020-21 വർഷത്തെ അവാർഡാണ് ഇപ്പോൾ പ്രഖ്യാപിച്ചിരുന്നത്. 2019-20 ൽ ജില്ലാ ആശുപത്രിക്ക് രണ്ടാം സ്ഥാനമായിരുന്നു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, നാഷണൽ ഹെൽത്ത് മിഷൻ, ആശുപത്രി ജീവനക്കാർ, എച്ച്.എം.സി അംഗങ്ങൾ, മറ്റ് വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവരുടെ കൂട്ടായ ഇടപെടലും ഉണ്ടായി.
''
കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അവാർഡിന് അർഹമായ നിലയിലേക്ക് ജില്ലാ ആശുപത്രി ഉയർന്നത്. 25 ലക്ഷം രൂപ അവാർഡ് തുക ലഭിക്കും. ആരോഗ്യ പ്രവർത്തകർക്ക് അവാർഡുകൾ നൽകാനും അവരുടെ ക്ഷേമത്തിനുമായി 25 ശതമാനം തുക ചെലവഴിക്കും. ബാക്കി തുക ആശുപത്രി വികസനത്തിനായി നീക്കിവയ്ക്കും.
ഡോ. ഡി. വസന്തദാസ്
സൂപ്രണ്ട്, ജില്ലാ ആശുപത്രി
ജില്ലയിലെ മറ്റ് 8 ആരോഗ്യകേന്ദ്രങ്ങൾക്കും അവാർഡ്
ജില്ലയിലെ മറ്റ് എട്ട് ആരോഗ്യസ്ഥാപനങ്ങൾക്കും വിവിധ വിഭാഗങ്ങളിലായി ഇത്തവണ കായകൽപ്പ് അവാർഡ് ലഭിച്ചു. സബ് ജില്ലാ തലത്തിൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി പുനലൂർ, (91.06 ശതമാനം) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാർഡ് കരസ്ഥമാക്കി. സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 7 ആശുപത്രികൾക്ക് നൽകുന്ന 1 ലക്ഷം രൂപയുടെ പ്രോത്സാഹന അവാർഡിന് കടയ്ക്കൽ താലൂക്ക് ആശുപത്രി, കാരുനാഗപ്പള്ളി താലൂക്ക് ആശുപത്രി (71.69 ശതമാനം), എന്നിവ അർഹരായി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ സി.എച്ച്.സി തൃക്കടവൂർ (1 ലക്ഷം രൂപ ), നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ മുണ്ടയ്ക്കൽ, (50,000 രൂപ), പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച എഫ്.എച്ച്.സി അഴീക്കൽ, ( 2 ലക്ഷം രൂപ), പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ എഫ്.എച്ച്.സി മാങ്കോട് ചിതറ ( 50,000 രൂപ) എഫ്.എച്ച്.സി തഴവ (50,000 രൂപ) എന്നീ ആശുപത്രികളും അവാർഡിന് അർഹരായി.