 
 പണം കവർന്നു, കാമറകൾ തകർത്തു
പുത്തുർ: ഒരേ ദിവസം അടുത്തടുത്ത ക്ഷേത്രങ്ങളിൽ മോഷണം. കുളക്കട വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലും ആലപ്പാട് ദേവീക്ഷേത്രത്തിലുമാണ് കഴിഞ്ഞ ദിവസം വെളുപ്പിന് മോഷണം നടന്നത്. രാവിലെയെത്തിയ ക്ഷേത്ര ജീവനക്കാരാണ് മോഷണവിവരം പൊലീസിനെ അറിയിക്കുന്നത്. 100 മീറ്ററോളം ദൂരത്തിലാണ് ഇരു ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. ആലപ്പാട്ട് ദേവീക്ഷേത്രത്തിലെ നാലമ്പലം കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള എട്ട് വഞ്ചികൾ കുത്തിത്തുറന്ന് 15000 രുപയോളം കവർന്നതായി സംശയിക്കുന്നു. വൈകുണ്ഠപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ക്ഷേത്രത്തിലെ സി.സി ടി.വി കാമറകളെല്ലാം തകർത്തതിന് ശേഷം ഡി.വി.ആറും മോഷ്ടാക്കൾ അപഹരിച്ചു.സ്‌റ്റോർ റൂമും അലമാരയും കുത്തിതുറന്ന നിലയിലാണ്. എഴായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ഭാരാവാഹികൾ അറിയിച്ചു. സമീപത്തെ സഹകരണ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വെളുപ്പിന് 2 മണിക്ക് മുന്നു പേർ നിൽക്കുന്നതിന്റെ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പുത്തൂർ സി.ഐ സുഭാഷ്കുമാർ, എസ്.ഐ ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരളടയാളവിദഗ്ദരും ഡോഗ് സ്കാഡും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.